റാഞ്ചി: വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം, ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന് ഭാര്യ. ജാർഖണ്ഡിലെ ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് വിവാഹം കഴിഞ്ഞ് 36 ദിവസങ്ങൾക്ക് ശേഷം യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ വിഷം നൽകിയാണ് കൊലപാതകം. ഗർവ ജില്ലയിലെ ബഹോകുന്ദർ ഗ്രാമത്തിലുള്ള ബുദ്ധനാഥ് സിങാണ് മരിച്ചത്. സംഭവത്തിൽ 22 കാരിയായ സുനിത എന്ന യുവതിയെ പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
മകനെ ഭാര്യ കൊലപ്പെടുത്തിയെന്ന പരാതിയുമായി രാജ്മതി എന്ന സ്ത്രീ പൊലീസിനെ സമീപിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതൽ യുവാവും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നത്. രങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഹോകുന്ദർ ഗ്രാമത്തിലെ താമസക്കാരനായ ബുദ്ധനാഥ് സിംഗും ഛത്തീസ്ഗഡിലെ രാമചന്ദ്രപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഷുൺപൂർ ഗ്രാമത്തിലെ രഘുനാഥ് സിങ്ങിന്റെ മകൾ സുനിതയും തമ്മിൽ മെയ് 11ന് വിവാഹം കഴിക്കുന്നത്.
വിവാഹം കഴിഞ്ഞ് തൊട്ടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. ബുദ്ധനാഥിനെ ഇഷ്ടമില്ലെന്നും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും സുനിത ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങൾ പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് ഒരുമിച്ച് ജീവിക്കാൻ ഇരുവരേയും ഉപദേശിച്ചു. തുടർന്ന് ജൂൺ 5നാണ് സുനിത ബുദ്ധനാഥിനൊപ്പം വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ ഇവർ തമ്മിൽ ഒത്തുപോയില്ല.































