ന്യൂസൗത്ത് വെയിൽസിലെ ട്വീഡ് ഹെഡ്സിൽ അപകടകാരിയായ ഫയർ ആന്റുകളുടെ (fire ants) കൂട് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കീടനിയന്ത്രണ ഉദ്യോഗസ്ഥൻ നടത്തിയ സ്ഥിരപരിശോധനയ്ക്കിടെ കണ്ടെത്തിയ കൂട് ഉടൻ തന്നെ നശിപ്പിക്കുകയും ബയോസുരക്ഷ നടപടികൾ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു.
കൂട് കണ്ടെത്തിയതിന് പിന്നാലെ 24 മണിക്കൂറിനകം തന്നെ അതിന്റെ നശീകരണം പൂർത്തിയാക്കി. മാത്രമല്ല, 500 മീറ്റർ ചുറ്റളവിൽ വ്യാപക പരിശോധന ആരംഭിക്കുകയും, 5 കിലോമീറ്റർ റേഡിയസിൽ ജൈവസുരക്ഷ സോൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
Solenopsis invicta എന്ന ശാസ്ത്രീയനാമത്തിലുള്ള ഈ ആന്റുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും മാത്രമല്ല, കൃഷിക്കും പരിസ്ഥിതിക്കും അപകടം സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ്. ഫയർ ആന്റുകൾ ഒരിക്കൽ ഏതെങ്കിലും പ്രദേശത്ത് ഇടം ഉറപ്പിച്ചാൽ അവയെ പൂര്‍ണമായും ഇല്ലാതാക്കുക അത്യന്തം ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ, അധികൃതർ അതീവ ജാഗ്രതാ നടപടികളിലാണ് മുന്നോട്ടുപോകുന്നത് .
കൂടിന്റെ ഉറവിടം കണ്ടെത്താൻ ജനിതക പരിശോധനകൾ ആരംഭിച്ചിരിക്കുന്നു. ഇതിനായി വിദഗ്ധ സംഘങ്ങൾ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, ക്വീൻസ്‌ലാൻഡിൽ നിന്ന് വരുന്ന ഉയർന്ന അപകട സാധ്യതയുള്ള വസ്തുക്കളുടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്‌തിട്ടുണ്ട്.































