ഝാൻസി: ഝാൻസി റെയിൽവേ പ്ലാറ്റ്ഫോമിൽ ശനിയാഴ്ച സാക്ഷ്യം വഹിച്ചത് നാടകീയമായ രംഗങ്ങൾക്ക്. അത്ഭുതകരമായ ഒരു പ്രസവമാണ് റെയിൽവേ സ്റ്റേഷനില്‍ നടന്നത്. ഒരു ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും ഉപകരണങ്ങളാക്കി മാറ്റി ഒരു യുവ സൈനിക ഡോക്ടറാണ് ഇതിന് നേതൃത്വം നൽകിയത്. ചുരുങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തിയ ഈ പ്രസവം, കുഞ്ഞിന്റെ സുരക്ഷിതമായ ജനനം ഉറപ്പാക്കി. സംഭവം കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.
പൻവേൽ-ഗോരഖ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു ഗർഭിണിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ഝാൻസി സ്റ്റേഷനിൽ ഇറക്കുകയായിരുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മനോജ് കുമാർ സിംഗ് പറഞ്ഞു. ഗുരുതരമായ അവസ്ഥ മനസിലാക്കിയ ഒരു വനിതാ ടിക്കറ്റ് പരിശോധകയും സമീപത്തുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനും ഉടൻതന്നെ സഹായത്തിനെത്തി. ആർമി മെഡിക്കൽ കോർപ്സിലെ മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്വാല, തന്റെ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു റെയിൽവേ ജീവനക്കാരൻ വീൽചെയറിൽ വേദനകൊണ്ട് പുളയുന്ന ഒരു സ്ത്രീയെ കൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ ഇടപെട്ട അദ്ദേഹം റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ പ്ലാറ്റ്ഫോമിൽ വെച്ചുതന്നെ സ്ത്രീക്ക് പ്രസവമെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ശരിയായ ഒരു ഓപ്പറേഷൻ തിയേറ്ററിന്റെ സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ കൈവശമുള്ള ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വന്നുവെന്ന് മേജർ രോഹിത് ബച്വാല പിടിഐയോട് പറഞ്ഞു.































