കൊച്ചി : വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പാലാരിവട്ടം ജീനിയസ് ഓവർസീസ് ആൻഡ് കൺസൽറ്റൻസിക്ക് എതിരെ പാലാരിവട്ടം എസ്എച്ച്ഒ അന്വേഷിക്കുന്ന കേസിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്.
രണ്ടാഴ്ചയ്ക്കകം ഇതിനുള്ള നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി എടത്തല സ്വദേശി ലിബിൻ എം.അലി ഉൾപ്പെടെ നൽകിയ ഹർജിയിലാണ് നിർദേശം. വിദേശത്തു ജോലി വാഗ്ദാനം ചെയ്തു വൻതുക വാങ്ങിയെന്നും വഞ്ചിച്ചെന്നും ഹർജിയിൽ അറിയിച്ചു.
അന്വേഷണം സുഗമമായി നടക്കുകയാണെന്നും ഒന്നാം പ്രതി, മാനേജിങ് ഡയറക്ടറായ സജീനയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ മറ്റ് ആറുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും വിദേശത്തേക്ക് കടക്കാൻ ഇവർ ശ്രമിക്കുകയാണെന്നും ഹർജിക്കാരൻ അറിയിച്ചു.































