സിഡ്നി : സിഡ്നിയിലെ ആഡംബര ഹോട്ടലിൽ സഹപ്രവർത്തകയുടെ കുത്തേറ്റ് രണ്ട് ജീവനക്കാർക്ക് പരുക്കേറ്റു. സിഡ്നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഇന്റർകോണ്ടിനെന്റൽ സിഡ്നി ഹോട്ടലിലാണ് സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെ 2.30 ഓടെ മക്വാരി സ്ട്രീറ്റിലുള്ള ഹോട്ടലിൽ അക്രമം നടന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.
30 ഉം 27 ഉം വയസ്സുള്ള യുവതികൾക്കാണ് പരുക്കേറ്റത്. കേസിൽ 31 വയസ്സുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. കൊലപാതക ഉദ്ദേശ്യത്തോടെ മുറിവേൽപ്പിച്ചതിനും ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജാരാക്കും.
അക്രമത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സിഡ്നി സിറ്റി പൊലീസ് ഏരിയ കമാൻഡ് ചീഫ് ഇൻസ്പെക്ടർ ഗാരി കോഫി പറഞ്ഞു. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ അധികൃതർ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.































