മെൽബൺ: നോർത്ത്‌സൈഡ്മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ (എൻ.എം.സി.സി) മെഗാ ഓണാഘോഷം ”ചിങ്ങപ്പുലരി 2025” ആഗസ്റ്റ് 23 (ശനിയാഴ്ച)ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ വച്ച് നടക്കും. രാവിലെ 9 മണിക്ക് എൻ.എം സി.സി. കുടുംബാഗംങ്ങൾ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 10 മണിക്ക് നൂറോളം കലാകാരികൾ അണിനിരക്കുന്ന മെഗാതിരുവാതിര അരങ്ങേറും .
ശ്രീ സോളമന്റെ നേതൃത്വത്തിലുള്ള ബീറ്റ്‌സ് ഓഫ് മെൽബൺ ടീമിന്റെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വർണ്ണകുടകളുടെയും പുലികളിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വേദിയിലേക്ക് ആനയിക്കും. തുടർന്ന് നോർത്ത് ഈസ്റ്റേൺ മെട്രോ പോളിറ്റൻ എം.പി.യും വിക്‌ടോറിയൻ പാർലമെന്റിലെ ഷാഡോ മിനിസ്ട്രറുമായ റിച്ചാർഡ് വെൽഷ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. മെൽബണിലെ ഇൻഡ്യൻ കോൺസുൽ ജനറൽ ഡോ. സുശീൽ കുമാർ, ഫാദർ വർഗ്ഗീസ് കുരിശിങ്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. തുടർന്ന് ഓണപാട്ടുകളും നൃത്തങ്ങളും ബോളിവുഡ് ഡാൻസുകളും കളരിപയറ്റും പിന്നൽ തിരുവാതിരയും ഉൾപ്പെടെ വ്യത്യസ്തമാർന്ന വിസ്മയകാഴ്ചകളുമായി ഇരുന്നൂറ്റി അമ്പതോളം കലാകാരന്മാരും കലാകാരികളും ഓണാഘോഷ വേദി കീഴടക്കും.
കലാപരിപാടികൾ വർണ്ണാഭമാക്കാൻ അലക്‌സ് മാമ്മൻ, ജോയൽ ടോമി എന്നിവരുടെ നേതൃത്വത്തിൽ ആൽഫാ ക്രിയേഷൻസും ജെഎം ഓഡിയോസിലെ സൗണ്ട് എൻജിനിയർ ജിം മാത്യൂവും ചേർന്ന് വേദിയിലെ ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരണം നിർവ്വഹിക്കും.
രണ്ട് മണിമുതൽ സിനിമാതാരങ്ങളും വിവിധ മലയാളം ചാനലുകളിലെ കോമഡി പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചതരുമായ ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ബേബി എന്നിവരുടെ നേതൃത്വത്തിൽ കോമഡി സ്‌കിറ്റുകളും റിയാലിറ്റി ഷോകളിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഗായകൻ അരുൺ ഗോപൻ, ഗായിക കീർത്തന എന്നിവരുടെ നേതൃത്വത്തിൽ ശ്രുതിമധുരമായ ഗാനങ്ങളും ചേർത്തിട്ടുള്ള മേഗാ ഷോ അരങ്ങേറും.
എൻ.എം.സി.സി.മെഗാ ഓണം ”ചിങ്ങപ്പുലരി 2025” മുഖ്യ ആകർഷണമായ ഒറിജിനൽ തൂശനിലയിലെവിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും.
എൻ.എം.സി.സി പ്രസിഡന്റ് ശ്രീ ഗിരീഷ് ആലക്കാട്ടിന്റെ നേതൃത്വത്തിൽ15 അംഗ കമ്മിറ്റി ഓണാഘോഷങ്ങൾ മനോഹരമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ടിക്കറ്റുകൾ ആവശ്യമുള്ളവർക്ക് ഗിരീഷ് അലക്കാട്ട്(0423 322 914), ജോൺസൺ ജോസഫ് (0431 511 858), പോൾ സെബാസ്റ്റ്യൻ (0422 036 621) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.






























