കാൻബറ: ഇന്ത്യക്കാർ ഓസ്ട്രേലിയയിലേക്കു കൂട്ടമായി കുടിയേറുന്നതിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞ് സർക്കാർ രംഗത്ത്. വംശീയതയിലൂന്നിയ തീവ്ര വലത് ആക്ടിവിസത്തിന് ഓസ്ട്രേലിയയിൽ സ്ഥാനമില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
കുടിയേറ്റത്തിനെതിരെ സിഡ്നി, മെൽബൺ, കാൻബറ തുടങ്ങിയ നഗരങ്ങളിൽ ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ റാലികൾ നടന്നിരുന്നു. തനത് ഓസ്ട്രേലിയൻ സംസ്കാരത്തിനും അവിടത്തെ ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ക്യാംപെയ്നാണു നടക്കുന്നത്. നൂറുവർഷത്തിനിടെ കുടിയേറിയ ഗ്രീക്കുകാരെക്കാളും ഇറ്റലിക്കാരെക്കാളും കൂടുതൽ ഇന്ത്യക്കാർ 5 വർഷം കൊണ്ട് ഓസ്ട്രേലിയയിൽ കുടിയേറിയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.































