മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് നോർവേയിൽ സ്കീയിംഗിനായി നടത്തിയ ആഡംബര യാത്ര വാർത്തകളിൽ ഇടംപിടിക്കുന്നു.ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സ്കീയിംഗിന് നോർവേയിൽ കർശനമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ മറികടക്കാൻ വേണ്ടിയാണ് സക്കർബർഗ് തൻ്റെ 330 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് സൂപ്പർ യാച്ചുകൾ ഉപയോഗിച്ചത്.
അമേരിക്കയിൽ നിന്ന് 5,280 മൈലുകൾ താണ്ടിയാണ് സക്കർബർഗിന്റെ ‘ലോഞ്ച്പാഡ്’ എന്ന സൂപ്പർ യാച്ചും, ഹെലിപാഡുള്ള ‘വിങ്മാൻ’ എന്ന സപ്പോർട്ട് യാച്ചും നോർവേ തീരത്തെത്തിയത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നോർവേയിലെ സംരക്ഷിത മേഖലകളിൽ ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ അനുമതിയില്ല. എന്നാൽ, സക്കർബർഗ് തൻ്റെ യാച്ചിന്റെ ഹെലിപാഡ് ഉപയോഗിച്ച് ഈ നിയമം ഒഴിവാക്കി. കരയിൽ ഇറങ്ങാതെ യാച്ചിൽനിന്ന് തന്നെ ഹെലികോപ്റ്റർ ഉപയോഗിച്ച് വിദൂര പർവതങ്ങളിലെത്തി ഹെലിസ്കീയിംഗ് നടത്തി.
ഈ യാത്ര സക്കർബർഗിൻ്റെ ആഡംബര ജീവിതത്തെയും, സമ്പത്തിനെയും, നിയമങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ, പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഈ നടപടി വ്യാപകമായ പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. പ്രകൃതി സംരക്ഷകനായി സ്വയം വിശേഷിപ്പിക്കുന്ന സക്കർബർഗ് ഇത്രയധികം ഇന്ധനം കത്തിച്ച് നടത്തുന്ന ആഡംബര യാത്ര പരിസ്ഥിതിക്ക് ദോഷകരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.































