കൊച്ചി: നടിയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാര്‍ ശശിധരനെ എറണാകുളത്ത് എത്തിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ സനൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബൈയിൽ വിമാനം ഇറങ്ങിയ സനൽകുമാര്‍ ശശിധരനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് എളമക്കര പൊലീസ് മുബൈയിലെത്തി കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയോടെയാണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലെത്തിച്ചത്. ഇക്കഴിഞ്ഞ ജനുവരി മുതലാണ് നടിക്കെതിരെ സനൽകുമാര്‍ ശശിധരൻ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്.
2019 മുതൽ നടിയുമായി പ്രണയത്തിലാണ് താനെന്നും കേരള പൊലീസാണ് തന്‍റെ പ്രണയത്തിന് തടസം നിൽക്കുന്നതെന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് സനൽകുമാര്‍ ശശിധരൻ പ്രതികരിച്ചു. തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്ന് സനൽകുമാര്‍ ശശിധരൻ പറഞ്ഞു. രണ്ടു മനുഷ്യർ തമ്മിൽ പ്രേമിക്കുന്നതിന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തേലും തടസമുണ്ടോയെന്നും സനൽകുമാര്‍ ശശിധരൻ ചോദിച്ചു. താൻ ഖജനാവ് കൊള്ളയടിച്ചിട്ടില്ലെന്നും താൻ മാസപ്പടി വാങ്ങിയിട്ടില്ലെന്നും ഏഴു ലക്ഷം കോടി കടമുണ്ടാക്കി വെച്ചിട്ടില്ലെന്നും സനൽകുമാര്‍ പറഞ്ഞു. ഒരു സ്ത്രീയെ സെക്സ് മാഫിയ തടവിൽ വച്ചിരിക്കുകയാണെന്നും സനൽകുമാര്‍ ആരോപിച്ചു.
ഇന്നലെ രാത്രിയാണ് സനൽകുമാര്‍ ശശിധരനുമായി ട്രെയിൻ മാര്‍ഗം കേരളത്തിലേക്ക് പൊലീസ് സംഘം തിരിച്ചുപുറപ്പെട്ടത്. നടി നൽകിയ പരാതിയിൽ കൊച്ചി എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കേസെടുത്ത പൊലീസ് സനൽകുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് മുബൈ വിമാനത്താവളത്തിലെത്തിയ സനൽകുമാര്‍ ശശിധരനെ എമിഗ്രേഷൻ വിഭാഗം ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ തടഞ്ഞുവെക്കുകയായിരുന്നു.































