ഓസ്ട്രേലിയയിലെ മെൽബണിൽ, ഫ്രീവേയിൽ വാഹനം നിർത്തി കങ്കാരുവിനെ സഹായിക്കാൻ ഇറങ്ങിയ നേപ്പാൾ വംശജരായ രണ്ടു നഴ്‌സുമാർ മറ്റൊരു വാഹനം ഇടിച്ചു കൊല്ലപ്പെട്ടു.
“സരള ഖഡ്‌ക”, “അരുജ സുവാൾ” എന്ന 30 വയസ്സുള്ള രണ്ടു നഴ്സുമാരുമാണ് കൊല്ലപ്പെട്ടത്. ഇതിൽ സുവാളിന്റെ 30-ാം ജന്മദിനം ആഘോഷിച്ച ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി ഓസ്ട്രേലിയയിലെ മെൽബണിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ട കംഗാരുവിനെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, അമിത വേഗത്തിൽ എത്തിയ മറ്റൊരു വാഹനം ഇവരുടെ കാറിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിടെ നിയന്ത്രണം വിട്ട് ഇവരുടെ മേൽ ഇടിച്ചു കയറിയത്. പോലീസ് എത്തുന്നത് വരെ ഇടിച്ച കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ നിന്നിരുന്നു.
ഒരു നഴ്സ് സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
ഫ്രീവേയിൽ വാഹനമോടിക്കുന്നവർ റോഡരുകിൽ പരിക്കേറ്റ മൃഗങ്ങളെ കണ്ടാൽ വന്യജീവി രക്ഷാ സംഘങ്ങളെ വിളിക്കുന്നതാണ് സുരക്ഷിതമെന്ന് വന്യജീവി രക്ഷാ സംഘടന വക്താവ് പറഞ്ഞു.































