ന്യൂ സൗത്ത് വെയിൽസിലെ സിംഗിൾട്ടണിൽ സുഹൃത്തിന്റെ വീട്ടിൽ നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 17 കാരിയായ അനലൈസ് ബ്ലൈറ്റൺ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.സെപ്റ്റംബർ 4, വ്യാഴാഴ്ച രാവിലെ 11.30ഓടെ, സുഹൃത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നതിനിടെയാണ് 10 വയസ്സുള്ള മിശ്രവർഗ നായ (ബോക്സർ, ബുൾ അറബ്, അയർിഷ് വുൾഫ്‌ഹൗണ്ട് വർഗങ്ങളുടെ മിശ്രണം) അനലൈസിനെ ആക്രമിച്ചത്.
സമീപത്തുണ്ടായിരുന്നവർ ധീരതയോടെ ഇടപെട്ട് പെൺകുട്ടിയെ നായയുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു. തല, കഴുത്ത്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനലൈസിന് ഗുരുതര പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന കൗമാരക്കാരിയെ എയർലിഫ്റ്റ് ചെയ്ത് ജോൺ ഹണ്ടർ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും, സെപ്റ്റംബർ 8-ാം തീയതി തിങ്കളാഴ്ച അവൾ മരിച്ചു.
ആക്രമണം നടത്തിയ നായയെ ഉടമകളുടെ അനുമതിയോടെ ദയാവധത്തിന് വിധേയമാക്കി.
അന്വേഷണം പുരോഗമിക്കുന്നു
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കോറോണറിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.എൻഎസ്‌ഡബ്ല്യു ലോക്കൽ ഗവൺമെന്റ് മന്ത്രി റോൺ ഹോനിഗ്, അനലൈസിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഇടപെട്ട സാധാരണക്കാരെയും, മെഡിക്കൽ ടീമിനെയും, കൗൺസിൽ റേഞ്ചർമാരെയും അദ്ദേഹം അഭിനന്ദിച്ചു.
ആശങ്ക ഉയർത്തുന്ന കണക്ക്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 1,200-ത്തിലധികം നായ ആക്രമണങ്ങൾ ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 80-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്.































