ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾ ഓസ്ട്രേലിയയിൽ വർധിച്ചു വരികയാണ്. പ്രത്യേകിച്ച് യഥാർത്ഥ റീട്ടെയിൽ കമ്പനികളുടെ വെബ്‌സൈറ്റുകൾ പോലെ തോന്നിപ്പിക്കുന്ന “ക്ലോൺ വെബ്‌സൈറ്റുകൾ” ഉപഭോക്താക്കളെ വലയിലാഴ്ത്തുകയാണ്. ഇവ സാധാരണയായി സെർച്ച് എഞ്ചിൻ റിസൾട്ട് വഴിയോ പേയ്ഡ് പരസ്യങ്ങളിലൂടെയോ പ്രത്യക്ഷപ്പെടുകയും, യഥാർത്ഥ സൈറ്റുകളിൽ നിന്ന് തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
സിഡ്‌നിയിൽ ഒരാൾ 140 ഡോളർ വിലയുള്ള ഡ്രയർ വാങ്ങാൻ ശ്രമിച്ചപ്പോൾ, ഔദ്യോഗിക Aldi സൈറ്റ് പോലെ തോന്നിച്ച വ്യാജ സൈറ്റിൽ കുടുങ്ങി. ആപ്പ് ഡൗൺലോഡ് ചെയ്ത് ആപ്പിൾ പേ [Apple Pay] വഴി പണമടച്ചെങ്കിലും സാധനം ലഭിച്ചില്ല. കുറച്ച് ദിവസത്തിനുള്ളിൽ സൈറ്റ് അപ്രത്യക്ഷമായി.
2020 മുതൽ ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകളിൽ 40 ദശലക്ഷം ഡോളറിലധികം നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. വെബ്‌സൈറ്റുകളുടെ യാഥാർത്ഥ്യം പരിശോധിക്കണമെന്ന് നാഷണൽ ആന്റി-സ്കാം സെന്റർ ഉപഭോക്താക്കളെ മുന്നറിയിപ്പ് നൽകി. അതേസമയം, Aldi പോലുള്ള കമ്പനികളും ഗൂഗിൾ പോലുള്ള പ്ലാറ്റ്ഫോമുകളും ഇത്തരം വ്യാജ സൈറ്റുകളെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെയും തടയാനുള്ള നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.































