ദില്ലി: അർഹമായ വാത്സല്യം നൽകാതെ അവഗണിച്ചുവെന്ന് വിശദമാക്കി ഭർത്താവിനും കാമുകിയ്ക്കും എതിരെ നൽകിയ പരാതി നില നിൽക്കുമെന്ന് വ്യക്തമാക്കി ദില്ലി ഹൈക്കോടതി. നല്ല രീതിയിൽ പോയിരുന്ന വിവാഹ ബന്ധത്തിലേക്ക് ഭർത്താവിന്റെ കാമുകി എത്തിയതിന് പിന്നാലെയുണ്ടായ നാശ നഷ്ടത്തിന് ഭർത്താവിന്റെ കാമുകിയിൽ നിന്ന് നഷ്ടം ഈടാക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഭാര്യയ്ക്ക് ഭർത്താവിൽ നിന്ന് ലഭ്യമാകേണ്ടിയിരുന്ന വാത്സല്യം അടക്കമുള്ളവ നഷ്ടമാകാൻ കാരണമായതിൽ കാമുകിയ്ക്ക് പങ്കുണ്ടെന്നാണ് കോടതി വിശദമാക്കിയത്. കേസിന്റെ നില നിൽക്കുമെന്ന് വിശദമാക്കി ഭാര്യയുടെ പരാതിയിൽ ഭർത്താവിനും കാമുകിയ്ക്കും ദില്ലി ഹൈക്കോടതി സമൻസ് അയച്ചു. ഇത്തരം കേസുകൾ കുടുംബ കോടതിയിൽ അല്ല സിവിൽ കോടതിയിൽ ആണ് ഫയൽ ചെയ്യേണ്ടതെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
വാദിക്ക് ശരിയായ വാദത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, ഇനിപ്പറയുന്നവ സ്ഥാപിക്കാൻ കഴിയുന്നിടത്തോളം കാലം വിവാഹത്തിൽ തെറ്റായ ഇടപെടലിനുള്ള സിവിൽ കേസ് നിലനിൽക്കുമെന്നാണ് കോടതി വിധിച്ചത്. പങ്കാളിയോട് അകറ്റാൻ ഇടയാക്കുന്ന തരത്തിൽ ഒരു മൂന്നാം കക്ഷി വിവാഹത്തിൽ മനപൂർവ്വവും തെറ്റായും ഇടപെടാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് ആണ് നിർണായക വിധി പുറപ്പെടുവിച്ചത്.































