ചെന്നൈ: കരൂർ റാലി ദുരന്തം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ പകർപ്പ്ന്യൂസിന് ലഭിച്ചു. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നു. സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിക്കുകയായിരുന്നു.
അന്വേഷണ പുരോഗതിയിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്ഐടി രൂപീകരിക്കാൻ ഉത്തരവിട്ടത്. വിജയ്‌യുടെ കാരവാൻ ഉടൻ പിടിച്ചെടുക്കണം, കാരവാനിനുള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം, ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അശ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.



























