സിംഗപ്പൂരിൽ ഓൺലൈനിൽ പരിചയപ്പെട്ട ‘യുവതി’ മുഖേന 68 -കാരന് നഷ്ടം ലക്ഷങ്ങൾ. ‘എൻജി’ എന്നയാൾക്കാണ് പണം നഷ്ടപ്പെട്ടത്. 2025 ഓഗസ്റ്റിലാണ് ഫേസ്ബുക്കിൽ ലീ സിൻ എന്ന സ്ത്രീയെ എൻജി കണ്ടുമുട്ടിയത്. ഇരുവരും ഫേസ്ബുക്കിലാണ് പരിചയപ്പെട്ടതെങ്കിലും അധികം വൈകാതെ ചാറ്റ് വാട്ട്സാപ്പിലായി. അടുത്ത രണ്ട് മാസത്തിനുള്ളിൽ, ഒരു QR കോഡ് തട്ടിപ്പിലൂടെ എൻജിയിൽ നിന്ന് 10,000 സിംഗപ്പൂർ ഡോളർ (ഏകദേശം 6 ലക്ഷം രൂപ) ആണ് സ്ത്രീയാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ പറ്റിച്ചെടുത്തത്. നേരിൽ കാണാമെന്ന് യുവതിയോട് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. എൻജി നിരന്തരം ഇവരെ നേരിൽ കാണാമെന്ന് പറഞ്ഞെങ്കിലും ഓരോ തവണയും ഇവർ വിവിധതരം ഒഴിവുകഴിവുകൾ പറയുകയായിരുന്നു.
അവസാനം പറ്റിക്കപ്പെടുകയായിരുന്നു എന്ന് മനസിലായതോടെ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലാണ് ഒരുകൂട്ടം തട്ടിപ്പുകാരാണ് സ്ത്രീയുടെ പേരിൽ ഇയാളെ പറ്റിച്ചതും തുക കൈക്കലാക്കിയത് എന്നും പൊലീസ് കണ്ടെത്തി. റിട്ടയർമെന്റിന് ശേഷം ഇയാൾ ഏറെനേരവും ഫേസ്ബുക്കിൽ സമയം ചെലവഴിക്കുമായിരുന്നു. ആ സമയത്താണ് ഇയാൾ ലീ സിന്നിനെ പരിചയപ്പെടുന്നത്.
ആദ്യം ലീ സിന്നാണ് റിക്വസ്റ്റ് അയച്ചത്. പിന്നീട് ഇരുവരും നിരന്തരം ചാറ്റ് ചെയ്ത് തുടങ്ങി. പിന്നീടത് വാട്ട്സാപ്പിലായി. ജീവിതം, ജോലി, സ്വപ്നങ്ങൾ തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ച് മണിക്കൂറുകളോളം ഇരുവരും ചാറ്റ് ചെയ്തു. താൻ ചൈനയിലാണ് എന്നും സിംഗപ്പൂരിൽ വരാൻ ആഗ്രഹമുണ്ട്, പക്ഷേ പണ്ട് ചെയ്ത ചില കുറ്റകൃത്യങ്ങളുടെ പേരിൽ തനിക്ക് സിംഗപ്പൂരിലേക്ക് വരാനാവില്ലെന്നും ലീ സിന്നിന്‍റെ പേരിൽ ചാറ്റ് ചെയ്ത തട്ടിപ്പുകാർ എൻജിയെ ബോധ്യപ്പെടുത്തി. പിന്നാലെ, ഒരു ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഒരാൾ വിളിക്കുകയും ലീ സിന്നിന് സിംഗപ്പൂരിലേക്ക് വരാനായിട്ടുള്ള ഫീസ് എന്നും പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുകയായിരുന്നു.