ബ്രിസ്ബെയ്ൻ : ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലെ സ്പ്രിങ്ഫീൽഡിലുള്ള ഔവർ ലേഡി ഓഫ് ദി സതേൺ ക്രോസ് പാരിഷ് ചർച്ചിൽ (Our Lady of the Southern Cross Parish Church)’മൾട്ടികൾച്ചറൽ മാസ്’ ആഘോഷിച്ചു. രാവിലെ 11 മണിക്ക് ആയിരുന്നു കുർബാന എങ്കിലും വിശ്വാസികൾ നേരത്തേ തന്നെ പള്ളി അങ്കണത്തിൽ എത്തിയിരുന്നു. ഫാ. നെവ് – ഇടവക വികാരി, ഫാ. ആന്റോ ചിരിയങ്കണ്ടത്ത് എന്നിവരാണ് കുർബാനയ്ക്ക് നേതൃത്വം നൽകിയത്. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന വിവിധ ദേശക്കാരെ പ്രതിനിധീകരിച്ച് എല്ലാവരും പരമ്പരാഗത വേഷങ്ങൾ ധരിച്ചെത്തി. ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ച് ദേശീയ പതാകകൾ അൾത്താരയ്ക്ക് സമീപം അലങ്കരിച്ച പീഠത്തിൽ വച്ചു.
ചടങ്ങുകൾക്ക് കൗതുകം പകർന്ന്, ആഫ്രിക്കൻ നിവാസികളുടെ പ്രത്യേക നൃത്തത്തോടെയാണ് ബൈബിൾ പുരോഹിതന് കൈമാറിയത്. കാഴ്ചവയ്പ്പിനും അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട വ്യക്തികൾ സമ്മാനങ്ങൾ കൈമാറി. ഓസ്‌ട്രേലിയയിലെ നിവാസികൾ പരസ്പര സ്നേഹത്തോടും സഹകരണത്തോടും സമാധാനത്തോടും ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാകട്ടെ എന്ന് പുരോഹിതൻ സന്ദേശത്തിൽ പറഞ്ഞു
കുർബാനയ്ക്ക് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹവിരുന്നിലും നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. എല്ലാ കൗണ്ടറുകളും ജനത്തിരക്കിൽ നിറഞ്ഞിരുന്നെങ്കിലും, കേരള ഫുഡ് കൗണ്ടർ പ്രത്യേക ആകർഷണമായിരുന്നു. ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും ദേശീയ പതാകകൾ ഭക്ഷണശാലയുടെ മുകളിൽ ഉയർത്തിക്കെട്ടിയിരുന്നു. പള്ളിമുറ്റത്ത് മുഴങ്ങിയ ചെണ്ടമേളം ആഘോഷത്തിന് ആവേശം പകർന്നു. മുതിർന്നവരുടെയും കുട്ടികളുടെയും കലാകായിക മത്സരങ്ങൾ ഉണ്ടായിരുന്നു.
കുർബാനയ്ക്ക് ശേഷം പള്ളിയുടെ പരിസരത്ത് ഒരുക്കിയ വിവിധ രാജ്യങ്ങളിലെ ഭക്ഷണ സ്റ്റാളുകൾ രുചിമേളമായി. ഓസ്‌ട്രേലിയൻ, ഇന്ത്യൻ, ഫിലിപ്പീൻ, ആഫ്രിക്കൻ, യൂറോപ്യൻ വിഭവങ്ങൾ മേളയിൽ ഒരുക്കിയിരുന്നു. കേരളീയ വിഭവങ്ങളായ പുട്ട്, ചിക്കൻ കറി, സമോസ തുടങ്ങിയവ ജനപ്രീതി നേടി. എല്ലാ ദേശക്കാരും വിവിധ കൗണ്ടറുകളിൽ കയറി ഭക്ഷണം കഴിച്ചു സന്തോഷത്തോടെയാണ് പിരിഞ്ഞത്.