സിഡ്‌നി: ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം മതിയായ ആലോചനകളുടെയും ആവശ്യനിര്‍ണയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്ന മിതവാദ നിലപാട് പ്രഖ്യാപിച്ച് കുടിയേറ്റകാര്യ മന്ത്രി പോള്‍ സ്‌കാര്‍. വ്യക്തമായ രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കണം കുടിയേറ്റമെന്നും ഇതു സംബന്ധിച്ച സംവാദങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
കുടിയേറ്റവുമായി ബന്ധപ്പെട്ട കടുത്ത നിലപാടുകളുടെ പേരിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുടിയേറ്റകാര്യ മന്ത്രി ആന്‍ഡ്രൂ ഹേസ്റ്റി കഴിഞ്ഞയാഴ്ചയാണ് സ്ഥാനമൊഴിഞ്ഞത്. മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മിതവാദിയായ പോള്‍ സ്‌കാര്‍ കുടിയേറ്റം സംബന്ധിച്ച തന്റെ നിലപാട് പ്രഖ്യാപിക്കുന്നത്.
കുടിയേറ്റ നയം സംബന്ധിച്ച് പരസ്യ സംവാദം ആവശ്യമാണെങ്കില്‍ കൂടി വികാരങ്ങളെ ആളിക്കത്തിക്കുന്ന നിലവാരത്തിലേക്ക് അവ മാറിക്കൂടായെന്നും സ്‌കാര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാകണം നമ്മുടെ കുടിയേറ്റ നയം. അതിലുപരി, കുടിയേറ്റ നയം സംബന്ധിച്ച സംവാദം പോലും രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങളെ ഹനിക്കുന്ന വിധത്തിലുള്ളതായിക്കൂടാ. ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സംവാദമായിരിക്കും രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങളെ സംരക്ഷിക്കുന്നത്. പോള്‍ സ്‌കാര്‍ നിലപാട് വ്യക്തമാക്കി.