സിഡ്‌നി: ന്യൂട്ടണില്‍ പുതിയ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലറ്റ് അനുവദിക്കേണ്ടെന്ന് ദി സിറ്റി ഓഫ് സിഡ്‌നി തീരുമാനം. പ്രദേശവാസികളും പോലീസും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. പുതിയ ഔട്ട്‌ലറ്റ് വരുന്നത് പ്രദേശത്തിന്റെ നാശത്തിന് ഇടയാക്കുമെന്ന പേരിലായിരുന്നു ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ഭക്ഷണശാലയായിരുന്നു മക്‌ഡോണാള്‍ഡ്‌സ് 212-214 കിങ്‌സ് സ്ട്രീറ്റില്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായി പതിനേഴു ലക്ഷം ഡോളര്‍ ചെലവിലുള്ള വലിയ പദ്ധതിയും കമ്പനി തയാറാക്കിയിരുന്നു.
ഭക്ഷണശാലയ്ക്കായുള്ള പെര്‍മിറ്റിന് കഴിഞ്ഞ ജൂലൈ എട്ടിന് മക്‌ഡോണാള്‍ഡ്‌സ് അപേക്ഷ വച്ചതു മുതല്‍ തദ്ദേശവാസികള്‍ ഇതിനെതിരേ എതിര്‍പ്പുയര്‍ത്തുകയായിരുന്നു. ആയിരത്തിലധികം ആള്‍ക്കാര്‍ ഒപ്പിട്ട ഭീമഹര്‍ജിയും ഇതിനെതിരേ ഓണ്‍ലൈനായി സമര്‍പ്പിച്ചിരുന്നു. ചിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന മറ്റു ഭക്ഷണശാലകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാകുമെന്നു കാണിച്ച് എതിര്‍പ്പുയര്‍ത്തിയിരുന്നു. നിലവില്‍ മക്‌ഡോണാള്‍ഡ്‌സ് തുടങ്ങുന്നതിനു തീരുമാനിച്ചിരുന്ന സ്ഥലത്തിന് 170 മീറ്റര്‍ ചുറ്റളവില്‍ കെഎഫ്‌സിയും എല്‍ ജന്നയും ഉള്‍പ്പെടെ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഏഴു ഭക്ഷണശാലകളാണുള്ളത്. ഇന്നലെ വൈകുന്നേരം ചേര്‍ന്ന ലോക്കല്‍ പ്ലാനിങ് പാനല്‍ യോഗത്തിലും എതിര്‍പ്പിന്റെ സ്വരമുയര്‍ത്തി പ്രദേശവാസികള്‍ എത്തിയിരുന്നു. അതേ തുടര്‍ന്നാണ് ഔട്ട്‌ലറ്റിന് അനുമതി നിഷേധിക്കുന്നത്.
ന്യൂ സൗത്ത് വെയില്‍സ് പോലീസും ഇതേ രീതിയില്‍ തന്നെ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല വന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ പതിവാകുമെന്നതിലായിരുന്നു പോലീസിന്റെ ആശങ്ക. ഭക്ഷണം കഴിക്കാനും മറ്റുമായി എത്തുന്നവരുടെ വാഹനങ്ങള്‍ കൂടിയെത്തുന്നതോടെ ഇവിടെ ഗതാഗത സ്തംഭനം പതിവാകുമെന്നും കാല്‍നടയാത്ര പോലും സാധിക്കാത്ത അവസ്ഥ വരുമെന്നും പോലീസ് അഭിപ്രായപ്പെട്ടു. പൊതു നിരത്തില്‍ തന്നെ ഇവിടേക്കുള്ള ലോഡിങ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നതും ഇവര്‍ക്ക് വിനയായി. പാര്‍ക്കിങ് സൗകര്യമില്ലാത്തത്, പാഴ് വസ്തു സംസ്‌കരണത്തിനു സൗകര്യമില്ലാത്തത് തുടങ്ങിയ കാര്യങ്ങളും കണക്കിലെടുത്താണ് അനുമതി നിഷേധിക്കുന്നത്.