കാൺപൂർ: ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്കായി, കാമുകനൊപ്പം ജീവിക്കാൻ ലക്ഷ്യമിട്ട് അമ്മ മകനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലെ അംഗദ്‌പൂരിലാണ് സംഭവം. പ്രദീപ് സിങ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദീപിൻ്റെ അമ്മ മംമ്‌ത സിങ്, കാമുകൻ മായങ്ക് കത്യാർ, സഹോദരൻ ഋഷി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ മംമ്തയടക്കം മൂന്ന് പേരും പിടിയിലായി.
മംമ്തയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. പിന്നീടാണ് സ്ത്രീ മായങ്കുമായി അടുത്തത്. അമ്മയുടെ ഈ ബന്ധത്തിന് മകൻ എതിർപ്പുയർത്തിയിരുന്നു. മകൻ്റെ പേരിൽ നാല് ലൈഫ് ഇൻഷുറൻസ് പദ്ധതികളിലായി ആകെ ഒരു കോടി രൂപയുടെ പരിരക്ഷ മംമ്ത എടുത്തിരുന്നു. ശേഷം മകനെ അത്താഴം കഴിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി.
ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ അത്താഴം കഴിച്ച് തൻ്റെ താമസസ്ഥലത്തേക്ക് മടങ്ങിയ യുവാവിനെ മായങ്ക് കത്യാർ, ഋഷി എന്നിവർ ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇത് അപകടമരണമെന്ന് വരുത്തി തീർക്കാനായി മൃതദേഹം ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിച്ചു.































