ദില്ലി: ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (JeM) നിർണ്ണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ തങ്ങളുടെ പ്രധാനിയായി ചേർത്തിരുന്നു. 2019-ലെ പുൽവാമ ആക്രമണത്തിന് പിന്നിൽ പ്രവൃത്തിച്ച ഭീകരൻ്റെ ഭാര്യയായ അഫീറ ബീബി ആണ് ഇപ്പോൾ ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗമായ ‘ജമാഅത്ത്-ഉൽ-മൊമിനാത്ത്’ എന്ന ബ്രിഗേഡിൻ്റെ മുഖമായി മാറിയിരിക്കുന്നത്. അഫീറ ബീബി ഈ ബ്രിഗേഡിൻ്റെ ശൂറയുടെ (Shura – ഉപദേശക സമിതി) ഭാഗമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിൻ്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പമാണ് അവർ പ്രവർത്തിക്കുക. ഇന്ത്യയിലേക്ക് അതിർത്തി കടന്ന് ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതികൾ പരസ്യമായി പ്രഖ്യാപിക്കാൻ ഒരിക്കലും മടികാണിക്കാതിരുന്ന ഭീകരനാണ് മസൂദ് അസ്ഹര്‍.
കാണ്ഡഹാർ വിമാനറാഞ്ചൽ കേസിൻ്റെ സൂത്രധാരനായിരുന്ന ഭീകരൻ യൂസഫ് അസ്ഹറിൻ്റെ ഭാര്യയാണ് സാദിയ അസ്ഹർ. യൂസഫ് അസ്ഹർ ജെയ്‌ഷിന്റെ ബഹാവൽപൂർ ക്യാമ്പിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ ഭീകരത വ്യാപിപ്പിക്കാൻ അസ്ഹറിൻ്റെ പദ്ധതികളിൽ സാദിയ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. തൻ്റെ സംഘടന വികസിപ്പിക്കുന്നതിനും വനിതാ അംഗങ്ങളെ മൗലികവാദത്തിലേക്ക് ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്യുന്നതിനും സാദിയ പ്രധാന ഉപകരണമായി. ഇനി സാദിയയുടെ മേൽനോട്ടത്തിൽ അഫീറ ബീബിയും ജമാഅത്ത്-ഉൻ-മൊമിനാത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പുതിയ മുഖം
ഡൽഹി സ്ഫോടനത്തിന് തൊട്ടുമുമ്പ് ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗത്തിന്റെ ഭാഗമായ അഫീറ ബീബിയുടെ ഭർത്താവ്, 2019ലെ പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ആയിരുന്നു. അഫീറ ബീബിയുടെ ഭർത്താവായ ഉമർ ഫാറൂഖ് ജെയ്‌ഷെ മുഹമ്മദിൻ്റെ ഉന്നത കമാൻഡർമാരിൽ ഒരാളായിരുന്നു. 2019 ഫെബ്രുവരി 14-ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 40 ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ആക്രമണത്തിൻ്റെ മുഖ്യ ഗൂഢാലോചന നടത്തിയത് ഇയാളായിരുന്നു. ഉമർ ഫാറൂഖ് 2019-ൽ ജമ്മു കശ്മീരിലെ ദച്ചിഗാം ദേശീയോദ്യാനത്തിന് സമീപം വെച്ച് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഭീകരതയുടെ സൂത്രധാരൻമാരുടെ കുടുംബാംഗങ്ങളെ ഉപയോഗിച്ച് വനിതാ വിഭാഗത്തെ ശക്തിപ്പെടുത്താനുള്ള ജെയ്‌ഷെ മുഹമ്മദിൻ്റെ നീക്കമാണ് അഫീറ ബീബിയുടെ സ്ഥാനലബ്ധിയിലൂടെ വ്യക്തമാവുന്നത്.































