ബ്രിസ്ബേൻ: നഗരത്തിലെ താമസ പ്രദേശങ്ങളുടെ സമാധാനപരമായ സ്വഭാവം സംരക്ഷിക്കുന്നതിനായി ബ്രിസ്ബേൻ സിറ്റി കൗൺസിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നഗരസഭയുടെ പുതിയ തീരുമാനം പ്രകാരം, ലോ ഡെൻസിറ്റിയും ലോ-ടു-മീഡിയം ഡെൻസിറ്റിയും ഉള്ള purely residential മേഖലകളിൽ Airbnb, Stayz പോലുള്ള ഷോർട്ട്–ടേം റെന്റൽ വസതികൾ നിരോധിക്കുന്നു.
മാറ്റം നടപ്പിലാക്കിയാൽ നഗരത്തിലെ ഏകദേശം 500 ഓളം വീടുകൾ ഇനി ഷോർട്ട്–ടേം വാടകയ്ക്കായി ഉപയോഗിക്കാൻ കഴിയില്ല. ഇവയുടെ ഉടമകൾക്ക് നഗരസഭ വ്യക്തിപരമായി നോട്ടീസ് നൽകും.
പുതിയ നിയമപ്രകാരം ഇത്തരം വാടകയ്ക്കായി ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ഡെവലപ്മെന്റ് പെർമിറ്റ് നിർബന്ധമാകും. നിയമലംഘനത്തിന് 1.4 ലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും.
നിയന്ത്രണങ്ങളുടെ ഭാഗമായി:
“ത്രി-സ്ട്രൈക്” നയം — മൂന്ന് തവണ അയൽവാസികൾ പരാതിപ്പെട്ടാൽ പെർമിറ്റ് നഷ്ടമാകും
24 മണിക്കൂർ പ്രവർത്തിക്കുന്ന എമർജൻസി കോൺടാക്ട്
വ്യക്തമായ ഹൗസ് റൂൾസ്
പൊതുജന ഉത്തരവാദിത്ത ഇൻഷുറൻസ്
എന്നിവ നിർബന്ധമാക്കുന്നു.
നഗരസഭയുടെ വാദങ്ങൾ പ്രകാരം, ഈ നടപടി നടപ്പിലാക്കിയാൽ അനധികൃത ഷോർട്ട്–സ്റ്റേകൾ മൂലം ഉണ്ടാകുന്ന ശബ്ദബാധയും അയൽവാസികളുടെ ബുദ്ധിമുട്ടുകളും കുറയും. കൂടാതെ, ഇവിടങ്ങളിൽ നിന്നും നിരവധി വീടുകൾ ലോങ്–ടേം വാടക മാർക്കറ്റിലേക്ക് തിരികെ എത്തും, ഇതിലൂടെ വീടുകളുടെ ക്ഷാമം കുറയാൻ സഹായിക്കാമെന്നും അധികൃതർ വിലയിരുത്തുന്നു.
പുതിയ നിയമങ്ങൾ 2026 മധ്യത്തോടെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.






























