തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വ്യാഴാഴ്ച രാത്രിയാണ് വായ്പാ പരിധി വെട്ടിക്കുറച്ചു കേന്ദ്രത്തിന്റെ കത്ത് ലഭിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ അറിയിച്ചിരിക്കുന്ന 5900 കോടി രൂപയുടെ കുറവിന് പുറമെ, കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ പേരിൽ നേരത്തെ തന്നെ വായ്പാ പരിധിയിൽ വെട്ടിക്കുറയ്ക്കൽ നടത്തിയിരുന്നു. ഇതെല്ലാം ചേർത്താൽ ഈ സാമ്പത്തിക വർഷം മാത്രം വായ്പാ ഇനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണിതെന്നും, ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു.































