അഡ്‌ലെയ്ഡ് ബൊട്ടാണിക് ഗാർഡനിലെ ബിസെന്റേനിയൽ കൺസർവേറ്ററിയിൽ ‘സ്മെല്ലാനി’ (Smellanie) എന്ന് പേരിട്ടിരിക്കുന്ന അപൂർവ്വമായ ഒരു ശവപുഷ്പം ഈ ആഴ്ച വിരിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്തോനേഷ്യയിലെ സുമാത്രൻ ദ്വീപുകളിൽ കാണപ്പെടുന്ന ഈ സസ്യം (Amorphophallus titanum), ചീഞ്ഞഴുകിയ മാംസത്തിന്റേതിന് സമാനമായ രൂക്ഷഗന്ധം പുറപ്പെടുവിക്കുന്നതിനാലാണ് ‘കോർപ്സ് ഫ്ലവർ’ എന്ന് വിളിക്കപ്പെടുന്നത്. ഏതാണ്ട് 1.5 മീറ്റർ ഉയരമുള്ള ഈ ചെടി വിരിഞ്ഞു കഴിഞ്ഞാൽ 24 മുതൽ 48 മണിക്കൂർ വരെ മാത്രമേ ആ ഗന്ധം നിലനിൽക്കുകയുള്ളൂ. വംശനാശഭീഷണി നേരിടുന്ന ഈ ചെടിയെ സംരക്ഷിക്കുന്നതിനുള്ള ദീർഘകാല ശ്രമങ്ങളുടെ ഭാഗമായി 2006-ൽ ലഭിച്ച വിത്തുകളിൽ നിന്നാണ് ഇത് വളർത്തിയെടുത്തത്. 2021-ന് ശേഷം ഇത് രണ്ടാം തവണയാണ് ഈ സസ്യം പുഷ്പിക്കുന്നത്. ഈ അപൂർവ്വ പ്രതിഭാസം കാണാൻ ആയിരക്കണക്കിന് സന്ദർശകർ എത്തുമെന്നാണ് അധികൃതർ കരുതുന്നത്. പൂവ് വിരിയുന്ന ദിവസങ്ങളിൽ കൺസർവേറ്ററിയിലേക്ക് പ്രവേശനം സജന്യമായിരിക്കും.






























