പാലക്കാട്: ഇനി സ്ഥാനാർത്ഥിയാകാനില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പലവട്ടം തോറ്റാലും താൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകുമെന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം. ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യരായ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറിനിൽക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടന്റെ പിന്മാറ്റം ആവേശം നൽകട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ് ബുക്കിൽ കുറിച്ചു.രാഹുലിന്‍റെ കുറിപ്പ്
“കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട വിഷമത്തിൽ നില്ക്കുമ്പോഴും വ്യക്തിപരമായി സന്തോഷം നല്കിയ വിജയങ്ങളിൽ ഒന്നായിരുന്നു തൃപ്പൂണിത്തറയിൽ ബാബു ചേട്ടന്റെ വിജയം. സംസ്ഥാനത്ത് ആകെ എൽഡിഎഫ് ജയിച്ച തിരഞ്ഞെടുപ്പിൽ, സിപിഎം ഏറ്റവും ആഘോഷിക്കുന്ന അവർ സ്റ്റാർ ക്യാൻഡിഡേറ്റ് എന്ന് കരുതുന്ന സിറ്റിംഗ് എംഎൽഎ കൂടിയായ ശ്രീ എം സ്വരാജിനെ ബാബു ചേട്ടൻ തോൽപ്പിച്ചു എന്നുള്ളത് ആയിരുന്നില്ല എന്‍റെ സന്തോഷത്തിന്‍റെ കാരണം.
2016 ൽ പരാജയപ്പെട്ട ദിവസം തൊട്ട് 2021 വരെയുള്ള ആ മനുഷ്യന്റെ ജീവിതത്തെ പറ്റി നല്ല ബോധ്യം എനിക്കുണ്ട്. അത് എംഎൽഎ അല്ലാത്തതിന്റെ അധികാര നഷ്ട ബോധമല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരിൽ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് ആ മനുഷ്യനെ ബാധിച്ചത്. ആൾക്കൂട്ടത്തിൽ ജീവിച്ച ഒരു മനുഷ്യനു ആ ആൾക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാൽ അത് താൻ ചെയ്യാത്ത തെറ്റിൽ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം.































