ഹൈദരാബാദ്: വിവാഹമോചനം നേടി മറ്റൊരാളെ വിവാഹം കഴിച്ച് ഗർഭിണിയായ യുവതിയെ മുൻഭർത്താവ് കൊലപ്പെടുത്തി. 29 വയസ്സുകാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ സുനിതയാണ് കൊല്ലപ്പെട്ടത്. മുൻ ഭർത്താവ് ദേവരകൊണ്ട മഹേഷാണ് കൊലപാതകം നടത്തിയത്. ഹൈദരാബാദിലെ വനസ്ഥലിപുരത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
സുനിതയുടെ പുനർവിവാഹത്തിൽ ദേഷ്യം പൂണ്ട മഹേഷ്, അവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ച് കയറിയ ശേഷം വര്‍ക്ക് ഫ്രം ഹോം ചെയ്യുകയായിരുന്ന സുനിതയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോൾ സുനിതയുടെ ഭർതൃമാതാവ് ടെറസിൽ തുണി ഉണക്കാനും ഭർതൃപിതാവ് മറ്റൊരു മുറിയിലുമായിരുന്നു. 2024-ലാണ് സുനിതയും മഹേഷും വിവാഹമോചിതരായത്. ഇതിന് പിന്നാലെ സുനിത നൽകിയ ഗാർഹിക പീഡന പരാതിയിൽ മഹേഷിനെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് മഹേഷ്, ഗ്രീൻ സിറ്റി കോളനിയിലെ സുനിത താമസിക്കുന്ന നാലാം നിലയിലെ അപ്പാർട്ട്മെന്റിലേക്ക് എത്തിയത്. നേരെ സുനിതയുടെ മുറിയിൽ കയറി വാതിൽ അകത്തുനിന്ന് പൂട്ടി. രണ്ട് കത്തികൾ, ഒരു കുപ്പി പെട്രോൾ, മരം മുറിക്കുന്ന ചെറിയൊരു വാൾ എന്നിവ ഇയാളുടെ കയ്യിലുണ്ടായിരുന്നു. ആദ്യം സുനിതയുമായി രൂക്ഷമായ വാക്കുതർക്കമുണ്ടായി. മിനിറ്റുകൾക്കകം മഹേഷ് സുനിതയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിലടക്കം ശരീരത്തിന്റെ പല ഭാഗങ്ങളിലും പലതവണ കുത്തി. സുനിതയുടെ നിലവിളി കേട്ട് വീട്ടിലെ മറ്റുള്ളവർ മുറിയിലേക്ക് ഓടിയെത്തി. അപ്പോഴേക്കും സുനിത രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുകയായിരുന്നു. ഈ സമയം പ്രതിയായ മഹേഷ് ശുചിമുറിയിൽ കയറി വാതിലടച്ചെന്നും ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.































