മെൽബൺ: കടുത്ത വരൾച്ചയും മണ്ണിൻ്റെ ഗുണനിലവാര തകർച്ചയും നേരിടുന്ന ഓസ്ട്രേലിയൻ കാർഷിക മേഖലയ്ക്ക് ആശ്വാസമായി ആട്ടിൻ രോമങ്ങൾ ഉപയോഗിച്ചുള്ള പുതിയ പരീക്ഷണം. വിപണിയിൽ വില ലഭിക്കാത്തതും ഗുണനിലവാരം കുറഞ്ഞതുമായ ആട്ടിൻ രോമങ്ങൾ കൃഷിയിടങ്ങളിൽ പുതയിടാനായി ഉപയോഗിക്കുന്ന രീതിയാണ് കർഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.
മണ്ണിലെ ജലാംശം ദീർഘനേരം നിലനിർത്താൻ ആട്ടിൻരോമങ്ങൾക്ക് സവിശേഷമായ കഴിവുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു, ആട്ടിൻ രോമങ്ങൾക്ക് അവയുടെ ഭാരത്തിൻ്റെ ഇരട്ടിയിലധികം ജലം ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. ഇത് മണ്ണിലെ ഈർപ്പം സാവധാനം മാത്രം പുറത്തുവിടാൻ സഹായിക്കുന്നതിനാൽ ചെടികളുടെ വേരുകൾക്ക് ദീർഘനേരം വെള്ളം ലഭിക്കുന്നു.
ആട്ടിൻ രോമങ്ങൾ കേവലം ഈർപ്പം നിലനിർത്തുക മാത്രമല്ല, മണ്ണിലെ പോഷക നിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രോമങ്ങളിലെ പ്രോട്ടീനുകൾ സാവധാനം മണ്ണിൽ ലയിക്കുന്നതോടെ നൈട്രജൻ സൾഫർ തുടങ്ങിയ അവശ്യ പോഷകങ്ങൾ സ്വാഭാവികമായി ചെടികൾക്ക് ലഭിക്കുന്നു. കൃത്രിമ വളങ്ങളുടെ ഉപയോഗം കുറയ്ക്കാനും മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വർധിപ്പിക്കാനും ഈ രീതി സഹായകരമാണ്. മമണ്ണാലിപ്പ് തടയാനും മണ്ണിൻ്റെ ഘടന വിണ്ടെടുക്കാനും ഇത് ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.
പാഴായിപ്പോകുന്ന രോമങ്ങളെ പെല്ലറ്റുകളോ തരികളോ ആക്കി മാറ്റുന്നത് വഴി കർഷകർക്ക് അധിക വരുമാനം കണ്ടെത്താനുള്ള വഴിയും തുറന്നിരിക്കുകയാണ്. ഓസ്ട്രേലിയൻ ഗവേഷണ സ്ഥാപനമായ സിഎസ്ഐആർ നേതൃത്വം നൽകുന്ന ഈ പരീക്ഷണത്തിൽ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവിൽ ഉൽപാദനക്ഷമത വർധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ഈ രീതി ഓസ്ട്രേലിയൻ കർഷകരെ സഹായിക്കുമെന്നാണ് പ്രതീക്ഷ.































