മുംബൈ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 7 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോൾ, സന്തോഷം പങ്കുവെച്ച് നായകൻ സൂര്യകുമാർ യാദവ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ കഴിയുന്നത് ഒരു വികാരമാണെന്ന് സൂര്യ പറഞ്ഞു. മത്സരശേഷം സംസാരിക്കവെ സഞ്ജു സാംസണിന്‍റെ ഇന്നിംഗ്‌സിനെയും ബൗളർമാരുടെ പ്രകടനത്തെയും സൂര്യ പ്രത്യേകം അഭിനന്ദിച്ചു.ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മർദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെയായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ആദിൽ റഷീദിനെ നേരിടാനായാണ് ശിവം ദുബെയെ നാലാം നമ്പറില്‍ അയച്ചതെന്നും സൂര്യ പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ താന്‍ സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ നേടിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരെ ദുബെ നാലാം നമ്പറില്‍ ഇറങ്ങുമായിരുന്നു.































