കേരളം വർഷങ്ങളായി തുടർന്നു പോരുന്നതും ലോകത്തിന് മുന്നിലൊരു മാതൃകയെന്നോണം ഉയർത്തികാട്ടുന്ന പദ്ധതികളിൽ ഒന്നാണ് സാമൂഹ്യ ക്ഷേമപെൻഷൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഏറെ സഹായകമായ പദ്ധതികളിലൊന്ന്. ഏകദേശം 60 ലക്ഷത്തോളം പേർ ഇതിന്റെ ഗുണഭോക്താക്കളാണ്. വാർദ്ധക്യപെൻഷൻ, വിധവാപെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ക്ഷേമപെൻഷൻ. അതിനാൽ ജനവിധി തീരുമാനിക്കുന്നതിൽ ക്ഷേമപെൻഷനും ഒരു ഘടകമാണ്. എന്നാൽ നിലവിലെ പെൻഷൻ തുകയിൽ തൃപ്തരല്ലെന്നാണ് ജനങ്ങൾ പറയുന്നത്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ പെൻഷൻ തുക ഇനിയും ഉയർത്തേണ്ടതുണ്ടോ? പെൻഷൻ 3000 ത്തിലേക്ക് എത്തിയാൽ ജീവിതനിലവാരത്തിൽ മാറ്റമുണ്ടോകുമോയെന്നെല്ലാം ചോദ്യങ്ങളുയരുകയാണ്.
പെൻഷൻ ഉയർത്തണമെന്ന ആവശ്യമാണ് ഭൂരിഭാഗം പേരും മുന്നോട്ട് വയ്ക്കുന്നത്. അവർക്കിടയിലേക്കാണ് ഇക്കുറി പെൻഷൻ തുക 3000 ത്തിലേക്ക് ഉയർത്തുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനവും എത്തുന്നത്. സാമൂഹ ക്ഷേമപെൻഷൻ ഒരു സഹായമെന്നതിന് അപ്പുറം പലരുടെയും വരുമാന മാർഗമാണ്. പലരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്. പെൻഷൻ തുക വർധി്പ്പിക്കുന്നതും വിതരണം കാര്യക്ഷമമാക്കുന്നതും ഈ പദ്ധതിയുടെ ഗുണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിൽ ഉപകാരപ്രദമാകും.































