ദില്ലി: ഇറാന്റെ കടുത്ത നിലപാടും അമേരിക്കൻ ഉപരോധവും നിലനിൽക്കുന്നതിനിടെ ഹോർമൂസ് കടലിടുക്ക് വഴി ഇതുവരെ പത്ത് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നെന്ന് വിദേശകാര്യ മന്ത്രാലയം. ഹോർമൂസ് മേഖലയിൽ കപ്പലുകൾക്ക് പൂർണ്ണമായ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാൻ സൈന്യം പിടിച്ചെടുത്ത രണ്ട് കപ്പലുകളിൽ ഇന്ത്യൻ നാവികർ ഉണ്ടായിരുന്നുവെന്ന വിവരത്തെത്തുടർന്ന് അവരുടെ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാനുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. മേഖലയിലെ സംഘർഷാവസ്ഥ നാവികരുടെ സുരക്ഷയെ ബാധിക്കരുതെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. 2026 ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശന വേളയിൽ നടത്തിയ പ്രഖ്യാപനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ യാഥാർഥ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.































