ലണ്ടൻ : യുകെയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ മലയാളി യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ട് തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം. പരുക്കേറ്റ തിരുവനന്തപുരം സ്വദേശിനിയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇംഗ്ലണ്ട് ഗ്ലോസ്റ്ററിലാണ് സംഭവം. യുവതി ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഗ്ലോസ്റ്ററിലെ പ്രമുഖ കെയർഹോമിലെ ജീവനക്കാരിയാണ് അപകടമുണ്ടാക്കിയ യുവതി. കുവൈത്തിൽ നിന്നെത്തിയ ഇവർ യുകെ ലൈസൻസ് ഇല്ലാതെയായിരുന്നു വാഹനം ഓടിച്ചിരുന്നത്.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് ഇവർക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റ് ഇവർ ചികിത്സയിൽ ആയതിനാലാണ് അറസ്റ്റ് നടപടികൾ വൈകുന്നത് എന്നാണ് വിവരം. അതേ സമയം ശനിയാഴ്ച ബെക്സിൽ മറ്റൊരു കാർ അപകടത്തിൽ പരുക്കേറ്റ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബെൻഹർ ബെർണാർഡ് എന്ന യുവാവ് അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അപകടം. വിദ്യാർഥിയാണ് ബെൻഹർ എന്നാണ് വിവരം.






























