ദില്ലി: ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിൻ്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിൻ്റെ വാദം.
ഇന്ത്യയിലെ ഇറാൻ എംബസി എക്സിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ; “ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു ഇന്ത്യൻ കപ്പലുകളെ ആക്രമിക്കുകയും മൂന്നു നിരപരാധികളായ ഇന്ത്യൻ നാവികരെ വധിക്കുകയും ചെയ്ത അമേരിക്കയുടെ ക്രൂരതയിൽനിന്ന് പൊതുജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. ഇത് തികച്ചും പരിതാപകരമാണ്”.
അതേസമയം അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെ കേന്ദ്ര സർക്കാർ അപലപിച്ചു. ആക്രമണത്തെ ന്യായീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ വിളിച്ച് കടുത്ത പ്രതിഷേധം അറിയിച്ചതായി വ്യക്തമാക്കി. നേരത്തെ, വിഷയത്തിൽ യുഎസിൻ്റെ ഉന്നത നയതന്ത്ര പ്രതിനിധിയെ വിളിച്ച് കേന്ദ്ര സർക്കാർ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ഗൾഫ് ഓഫ് ഒമാനിൽ പലാവു പതാകയേന്തിയ ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ അമേരിക്കൻ നാവിക സേന നടത്തിയ ആക്രമണത്തിലാണ് കപ്പൽ ജീവനക്കാരായ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്. കപ്പലിലാകെ 24 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് കാണാതായ മൂന്നുപേരാണ് മരണപ്പെട്ടതെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ, ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന രണ്ട് കപ്പലുകൾ കൂടി അമേരിക്ക ആക്രമിച്ചു. ജൂൺ എട്ടിന് 24 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന ‘മാരിവെക്സ്’ എന്ന പലാവു പതാകയുള്ള കപ്പൽ യുഎസ് സൈന്യം തകർത്തു. കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച 20 ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്ന ഗിനിയ-ബിസാവു പതാകയേന്തിയ ജൽവീർ എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായി.





























