ന്യൂഡൽഹി: വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് കൂടുതൽ സുതാര്യമാക്കാനും പ്രവാസി ഭാരതീയർക്കുള്ള സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കാനും ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ. വിദേശ സംഭാവന നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട ‘FCRA 2.0’ പോർട്ടലും, പ്രവാസികൾക്കായുള്ള ‘ഇ-ഒസിഐ’ (e-OCI) കാർഡ് സേവനങ്ങളും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.
പൂർണ്ണമായും ഡിജിറ്റലായി എഫ്‌സിആർഎ 2.0
എളുപ്പമുള്ള അപേക്ഷ: സന്നദ്ധ സംഘടനകൾക്കും എൻജിഒകൾക്കും (NGOs) ഇനി വിദേശ ഫണ്ടുകൾക്കായുള്ള അപേക്ഷകളും ലൈസൻസ് പുതുക്കലുകളും പൂർണ്ണമായും ഓൺലൈനായി ചെയ്യാം.
പേപ്പർ രഹിതം: രേഖകൾ നേരിട്ട് (Physical) സമർപ്പിക്കേണ്ട സാഹചര്യം പൂർണ്ണമായും ഒഴിവാക്കി.
തത്സമയ നിരീക്ഷണം: വിദേശത്ത് നിന്ന് വരുന്ന പണത്തിൻ്റെ സ്രോതസ്സും വിനിയോഗവും തത്സമയം (Real-time) നിരീക്ഷിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
വ്യാജൻമാർക്ക് പൂട്ടുവീഴും: ആധാർ, പാൻ, എൻജിഒ ദർപൻ എന്നിവയുമായി പോർട്ടൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സുതാര്യത വർദ്ധിക്കും.
പ്രവാസികൾക്ക് വലിയ ആശ്വാസമായി ‘ഇ-ഒസിഐ’
50 ലക്ഷം പേർക്ക് ഗുണം: ലോകമെമ്പാടുമുള്ള 50 ലക്ഷത്തിലധികം ഒസിഐ (Overseas Citizen of India) കാർഡ് ഉടമകൾക്ക് പുതിയ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടും.
പുസ്തകം ഒഴിവാക്കി: ഒസിഐ ഉടമകൾക്ക് 20 വയസ്സ് കഴിഞ്ഞതിന് ശേഷം പുതിയ പാസ്‌പോർട്ട് ലഭിക്കുമ്പോൾ ഒസിഐ ബുക്ക്‌ലെറ്റ് വീണ്ടും പുതുക്കേണ്ട ആവശ്യമില്ല.
എല്ലാം ഓൺലൈൻ: അപേക്ഷ സമർപ്പിക്കുന്നത് മുതൽ ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും ഓൺലൈൻ വഴിയാക്കി മാറ്റി.
കുറഞ്ഞ ഗവൺമെന്റ് ഇടപെടലുകളും പരമാവധി ഭരണനിർവഹണവും (Minimum Government, Maximum Governance) എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ സത്യസന്ധമായി പ്രവർത്തിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാവുകയും തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഇന്റലിജൻസ് ബ്യൂറോ (IB) ഡയറക്ടർ മഹേഷ് ദീക്ഷിത് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ പങ്കെടുത്തു. വരും മാസങ്ങളിൽ ഈ പോർട്ടലുകളിൽ എഐ (AI) ചാറ്റ്‌ബോട്ട്, മൊബൈൽ ആപ്പ് എന്നിവയും ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.































