കാൻബറ: ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസമായി വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. യാത്രക്കാർ നിലവിൽ പൂരിപ്പിച്ചു നൽകേണ്ട പേപ്പർ അറൈവൽ കാർഡുകൾക്ക് പകരം പൂർണ്ണമായും ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചു.
അടുത്ത നാല് വർഷത്തിനുള്ളിൽ 56 മില്യൺ ഡോളർ ചിലവഴിച്ചാണ് ഈ പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നത്. 2024 ഒക്ടോബർ മുതൽ ബ്രിസ്ബേൻ, സിഡ്നി, മെൽബൺ വിമാനത്താവളങ്ങളിൽ തിരഞ്ഞെടുത്ത ക്വാന്റാസ് (Qantas) വിമാനങ്ങളിൽ നടത്തിയ പൈലറ്റ് പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് ഈ പുതിയ നീക്കം.
പെർത്തിലും അഡ്‌ലെയ്ഡിലും ഈ വർഷം തന്നെ മാറ്റങ്ങൾ വരും
ഈ ഡിജിറ്റൽ മാറ്റത്തിന്റെ അടുത്ത ഘട്ടം 2026 അവസാനത്തോടെ പെർത്ത്, അഡ്‌ലെയ്ഡ് വിമാനത്താവളങ്ങളിൽ ലഭ്യമാകും. തുടർന്ന് വരുന്ന 12 മുതൽ 18 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ‘ഓസ്‌ട്രേലിയ ട്രാവൽ ഡിക്ലറേഷൻ’ (Australia Travel Declaration) നിർബന്ധമാക്കും.
പുതിയ ഡിജിറ്റൽ സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ?
*72 മണിക്കൂർ മുൻപ് പൂർത്തിയാക്കാം: യാത്രക്കാർക്ക് തങ്ങളുടെ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് വരെ വെബ്ഫോം വഴി വിവരങ്ങൾ ഓൺലൈനായി ഡിക്ലയർ ചെയ്യാം.
*ക്യൂആർ കോഡ് (QR Code): ഡിക്ലറേഷൻ പൂർത്തിയാക്കുമ്പോൾ യാത്രക്കാരുടെ ഇമെയിലിൽ ഒരു ഡിജിറ്റൽ പാസും അതിൽ ക്യൂആർ കോഡും ലഭിക്കും.
*എളുപ്പത്തിൽ യാത്ര: വിമാനമിറങ്ങുമ്പോൾ പേപ്പർ കാർഡ് എഴുതുന്നതിന് പകരം ഈ ക്യൂആർ കോഡ് ബോർഡർ ഓഫീസർമാർക്ക് കാണിച്ച് യാത്ര സുഗമമാക്കാം.
*മൊബൈൽ ആപ്പ് വരുന്നു: നിലവിൽ വെബ്ഫോം വഴി മാത്രമാണ് ഈ സൗകര്യമെങ്കിലും വൈകാതെ തന്നെ ഇതിനായി ഒരു പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കും.
സുരക്ഷയും ബയോസെക്യൂരിറ്റിയും ശക്തമാക്കും
വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും ബയോസെക്യൂരിറ്റി (Biosecurity) സംരക്ഷണത്തിനും ഈ ഡിജിറ്റൽ ഡാറ്റാ ശേഖരണം അത്യന്താപേക്ഷിതമാണെന്ന് ഹോം അഫയേഴ്സ് മന്ത്രി ടോണി ബർക്ക്, അഗ്രികൾച്ചർ മന്ത്രി ജൂലി കോളിൻസ് എന്നിവർ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF), ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ, ക്വാന്റാസ് എയർലൈൻസ് എന്നിവർ സംയുക്തമായാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്.































