ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ തോൽവിക്ക് പിന്നാലെ, നോർവെ താരം അലക്സാണ്ടർ സോർലോത്തിന് നേരെ സൈബർ ആക്രമണം. ഹാലണ്ടിന് പാസ് നൽകാതെ ഗോളടിക്കാൻ ശ്രമിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഫുട്ബോളിൽ പതിവ് സാഹചര്യമാണ് സോർലോത്തിൻ്റെ പാസ് നൽകാതെയുള്ള ഷോട്ട് എന്ന് വിശദീകരിച്ച്, സഹതാരത്തിന് പിന്തുണയുമായി ഹാലണ്ട് രംഗത്തെത്തി. കൂടാതെ സോർലോത്തിൻ പിന്തുണയുമായി നോർവേ ക്യാപ്റ്റനും ആഴ്‌സനൽ താരവുമായ മാർട്ടിൻ ഒഡേഗാർഡ് രംഗത്തെത്തിയിരുന്നു. സോർലോത്തിനെ കുറ്റപ്പെടുത്താൻ താൻ അനുവദിക്കില്ലെന്നും, എല്ലാവരും അവസാന അവസരങ്ങൾ മാത്രമേ ഓർമ്മിക്കാറുള്ളൂ ടീമിന് വേണ്ടി ടൂര്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സോർലോത്ത് എന്നും ഒഡേഗാർഡ് പറഞ്ഞു.
ഒരൊറ്റ നിമിഷം. സോർലോത്ത് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല, ഇതിത്ര വലിയ പുകിലാകുമെന്ന്. ഹാലണ്ടിന് പാസ് നൽകി, അത് ഗോളായിരുന്നു എങ്കിൽ ഇംഗ്ലണ്ടിന് മേൽ, വ്യക്തമായ മേധാവിത്വം കിട്ടിയേനെ. ഒരു പക്ഷേ, വിജയവും. സോർലോത്തിന്റെ പിഴച്ച തീരുമാനത്തെ കല്ലെറിയുകയാണ് ആരാധകർ. സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന മോശം കമന്റുകൾ ചൂണ്ടിക്കാണിച്ച് സോർലോത്തിന്റെ പാർട്ടണർ ലെന സെൽനസും രംഗത്തുവന്നിരുന്നു.
ഇംഗ്ലീഷ് ഡിഫെൻഡർ ജോൺ സ്റ്റോൺസ് പാസിങ് ലൈൻ ബ്ലോക്ക് ചെയ്യാനുണ്ടെന്ന് തോന്നി. ഇതാണ് ഷൂട്ട് ചെയ്യാൻ കാരണമെന്ന് സോർലോത്ത് പിന്നാലെ വിശദീകരിച്ചു. താരത്തിൻ്റെ ഈഗോയാണ് ആന മണ്ടത്തരത്തിലെത്തിച്ചതെന്ന് ആരാധകർ. പാസ് കിട്ടാത്തതിൻ്റ നിരാശ ഹാലണ്ട് കളത്തിൽ കാണിച്ചെങ്കിലും പുറത്ത് ഹാലണ്ട് സോർലോത്തിനെ പിന്തുണച്ചു. ഫുട്ബോളിൽ ഇത്തരം സാഹചര്യങ്ങൾ സർവ സാധാരണമെന്ന് ഹാലണ്ട്. 28 വർഷത്തിന് ശേഷം ലോകകപ്പിന് എത്തിയ നോർവെ, ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്താവുകയായിരുന്നു.































