ലാൻസെസ്റ്റണിലെ (Launceston) 145 വർഷം പഴക്കമുള്ള പ്രശസ്തമായ ബോഗ്സ് ബ്രൂവറി (Boag’s Brewery) സൈറ്റ് വിലയ്ക്ക് വാങ്ങാൻ ടാസ്മാനിയൻ സർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചു. ബ്രൂവറിയുടെ ഉടമസ്ഥരായ ജാപ്പനീസ് കമ്പനിയായ ‘കിരിൻ’ (Kirin), തങ്ങളുടെ ഉപകമ്പനിയായ ലയൺ ഓസ്‌ട്രേലിയ (Lion Australia) വഴി ഈ നിർദ്ദേശം പരിശോധിക്കാൻ തത്ത്വത്തിൽ സമ്മതം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ബിയർ വിപണിയിലുണ്ടായ ഇടിവും ഉയർന്ന ചെലവുകളും കാരണം വരാനിരിക്കുന്ന നവംബറോടെ ബ്രൂവറിയുടെ പ്രവർത്തനം ലാൻസെസ്റ്റണിൽ പൂർണ്ണമായി നിർത്തലാക്കാനും ഉത്പാദനം മെയിൻലാൻഡിലേക്ക് മാറ്റാനും ലയൺ ഗ്രൂപ്പ് മുൻപ് തീരുമാനിച്ചിരുന്നു. പ്ലാന്റ് അടച്ചുപൂട്ടുന്നതോടെ നിലവിലെ 42 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ജീവനക്കാർക്കായി മികച്ച പുനരധിവാസ പാക്കേജ് ഉറപ്പാക്കാൻ ടാസ്മാനിയൻ പ്രീമിയർ ജെറമി റോക്ക്‌ലിഫ് (Jeremy Rockliff) കമ്പനി അധികൃതരുമായി അടുത്ത ആഴ്ച ചർച്ച നടത്തും.1881-ൽ ആരംഭിച്ച ഈ ബ്രൂവറി ടാസ്മാനിയയുടെ വ്യവസായിക-സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്. അതിനാൽ ചരിത്രപ്രധാനമായ ഈ പ്രദേശം നിലനിർത്തുന്നതിനൊപ്പം ഭാവിയിൽ പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരാൻ സഹായിക്കുന്ന നിയമനിർമ്മാണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും.ടാസ്മാനിയൻ നികുതിദായകർക്ക് അനുയോജ്യമായ ന്യായമായ വിലയ്ക്ക് സൈറ്റ് വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്, എങ്കിലും അന്തിമ തുക എത്രയെന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല.




























