ഗുജറാത്തിൽ ജാംനഗർ സ്വദേശിയെ ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ് നൽകി കൊന്ന് ഫാക്ടറിക്കുളളിൽ കുഴിച്ചുമൂടി. സഹോദരന്‍റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രണ്ട് വർഷത്തിനു ശേഷം മൃതദേഹം കണ്ടെടുത്തു. ജാംനഗറുകാരൻ ജിഗ്നേഷ് മവാഡിയയെ അവസാനമായി ബന്ധുക്കൾ കണ്ടത് രണ്ടു വർഷം മുൻപ്. ജിഗ്നേഷ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നുവെന്നായിരുന്നു വിവരം. ജോലി ചെയ്യുന്നിടത്ത് ഫോണ്‍ ലഭ്യമല്ലെന്നും ആരോടും സംസാരിക്കാൻ താത്പര്യമില്ലെന്നും ഭാര്യ പ്രത്വി എല്ലാവരോടും പറഞ്ഞു. ജിഗ്നേഷിന്റെ ബന്ധു ഓസ്ട്രേലിയയിലേക്ക് പോകുന്നുവെന്നും അഡ്രസ് വേണമെന്ന് പറഞ്ഞപ്പോഴും ഭാര്യ ഒഴിഞ്ഞുമാറി. ഇതോടെ കുടുംബത്തിന്റ സംശയം കൂടി. ജിഗ്നേഷിന്റെ സഹോദരൻ അശോക് മവാഡിയ പൊലീസിൽ പരാതി നൽകി. പിടിവീഴുമെന്ന് ഉറപ്പായതോടെ ഭാര്യ പ്രത്വിയും കാമുകൻ നീലേഷും എല്ലാം തുറന്നു പറഞ്ഞു.
നിലേഷും പ്രത്വിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ ഏഴു വർഷം മുൻപ് ജിഗ്നേഷ് പ്രത്വിയെ വിവാഹം ചെയ്തു. കാമുകനൊന്നിച്ച് ജീവിക്കാൻ പ്രത്വി ഭർത്താവിനെ കൊല്ലാൻ തീരുമാനിച്ചു. ദരേദിലെ വ്യവസായ മേഖലയിൽ മദ്യപിക്കാനെന്ന വ്യാജേന നീലേഷും സുഹൃത്ത് ബൽറാമും ജിഗ്നേഷിനെ ക്ഷണിച്ചു. മദ്യത്തിൽ സയനൈഡ് കലക്കി. മരിച്ചെന്നുറപ്പാക്കി. പിന്നാലെ പാട്ടത്തിനെടുത്ത ഫാക്ടറികകത്ത് 12 താഴ്ച്ചയുളള കുഴിയിൽ സംസ്കരിച്ചു. മുകളിൽ കോണ്‍ക്രീറ്റ് ചെയ്ത ശേഷം മടങ്ങി. പൊലീസ് പരിശോധനയിൽ കുഴിക്കകത്ത് നിന്നും തലയോട്ടിയടക്കം മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. മൂവരേയും അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുന്നതായി ജാംനഗർ പൊലീസ് അറിയിച്ചു.































