ദില്ലി: ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി. ദില്ലി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ വെറുതെ വിട്ടത്. മുൻഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ബ്രിജ് ഭൂഷൺ. താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗുസ്തിതാരങ്ങളുടെ സമരത്തിന് വഴിവെച്ച സംഭവമായിരുന്നു ഇത്.
ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ, ബ്രിജ്ഭൂഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദില്ലി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. അതിനിടെ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ്ഭൂഷനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു.




























