മാൾട്ടയിലെ പ്രധാന വിനോദസഞ്ചാര മേഖലകളിൽ ലൈസൻസില്ലാതെയും, വ്യാജ വിവരങ്ങൾ നൽകിയും ആയിരക്കണക്കിന് അപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കുന്നതായി മാൾട്ടാടുഡേ അന്വേഷണത്തിൽ കണ്ടെത്തി. ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലെ വീഴ്ചകൾ മുതലെടുത്ത് ഉടമകൾ നിയമവിരുദ്ധമായി പ്രോപ്പർട്ടികൾ വാടകയ്ക്ക് നൽകുന്നത് സ്വിഖി, സെന്റ് ജൂലിയൻസ് തുടങ്ങിയ ഇടങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുന്നു.
Booking.com പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ പോരായ്മകൾ ഉപയോഗപ്പെടുത്തി കെട്ടിട ഉടമകൾ ചട്ടങ്ങൾ ലംഘിക്കുമ്പോൾ, അമിതമായ ബഹളവും സുരക്ഷാ ഭീഷണിയും പ്രാദേശിക നിവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇതിനെത്തുടർന്ന് മാൾട്ട ടൂറിസം അതോറിറ്റി (MTA) പരിശോധനകൾ കർശനമാക്കുകയും, നിയമലംഘനം നടത്തിയ അപ്പാർട്ടുമെന്റുകൾക്കെതിരെ വലിയ പിഴയും പൂട്ടിപ്പീക്കൽ നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ Booking.com-ൽ ലൈസൻസ് നമ്പർ നൽകാതെയും വ്യാജ വിലാസങ്ങൾ ഉപയോഗിച്ചും ആർക്കും താമസസ്ഥലങ്ങൾ ലിസ്റ്റ് ചെയ്യാം. ഒരു അപ്പാർട്ട്മെന്റിനായി അനുവദിച്ച യഥാർത്ഥ ലൈസൻസ് നമ്പർ തന്നെ നിയമവിരുദ്ധമായി മറ്റ് പല പ്രോപ്പർട്ടികൾക്കായും ഉടമകൾ പങ്കുവെക്കുന്നതായി കണ്ടെത്തി. സ്വിഖി (Swieqi) പോലുള്ള ജനവാസ മേഖലകളിൽ ടൂറിസ്റ്റുകൾ രാത്രികാലങ്ങളിൽ അമിതമായി ബഹളം വെയ്ക്കുന്നതും തെരുവുകളിലേക്ക് മദ്യക്കുപ്പികൾ എറിയുന്നതും പതിവാകുന്നു.കൂടാതെ നിശ്ചിത എണ്ണത്തിൽ കൂടുതൽ വിനോദസഞ്ചാരികളെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ താമസിപ്പിക്കുന്നതായി (Overcrowding) പരിശോധനകളിൽ തെളിഞ്ഞു.
നിയമലംഘനം നടത്തുന്ന അപ്പാർട്ടുമെന്റുകൾക്കെതിരെ മാൾട്ട ടൂറിസം അതോറിറ്റി (MTA) കർശന നടപടികൾ സ്വീകരിച്ചു വരുന്നു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വാടകയിടങ്ങൾ കണ്ടെത്തിയാൽ അവയ്ക്ക് അടുത്ത 3 വർഷത്തേക്ക് ലൈസൻസ് നൽകില്ലെന്ന് മാൾട്ട ടൂറിസം അതോറിറ്റി (MTA) വ്യക്തമാക്കി.സ്വിഖിയിൽ ഒരൊറ്റ ബ്ലോക്കിലെ 9 അപ്പാർട്ടുമെന്റുകളിൽ 8 എണ്ണവും നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആ കെട്ടിടം മുഴുവനായി അധികൃതർ പൂട്ടിപ്പിച്ചു. അവിടുത്തെ ടൂറിസ്റ്റുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.നിയമം ലംഘിച്ച പ്രോപ്പർട്ടികൾക്ക് വലിയ തുക ഭരണപരമായ പിഴയായി ചുമത്തിയിട്ടുണ്ട്. 500-ലധികം സ്ഥലങ്ങളിൽ ഇതിനകം കടുത്ത പരിശോധനകൾ പൂർത്തിയായി.



























