തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 13450000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജാരാക്കും. ഇക്കണോമിക്സ് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഷെയർ ട്രേഡിംഗ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ പ്രതികൾ ‘B1 Gold Stock Investor Discussion Group’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. തുടർന്ന് ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി ‘https://www.fyers-privilege.com’ എന്ന വെബ് സൈറ്റ് ലിങ്കും ആവശ്യമായ നിർദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിന്മാർ പല ദിവസങ്ങളിലായി പരാതിക്കാരന് അയച്ചുനൽകി. ഇത് വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ തന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും വിവിധ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ആകെ 1,34,50,000/- രൂപ അയച്ചുനൽകുകയായിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയോ ട്രേഡിംഗിൽ നിന്നുള്ള ലാഭവിഹിതമോ തിരികെ നൽകാതെ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു
പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 20 ലക്ഷം രൂപ വയനാട് വെത്തിരി സ്വദേശിയായ ഈ കേസ്സിലെ ഏഴാം പ്രതിയായ ഷനൂഥ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി. ഈ തുകയിൽ നിന്ന് 4 ലക്ഷം രൂപ മലപ്പുറത്തുള്ള ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് സ്വർണ്ണം വാങ്ങുന്നതിനായി ട്രാൻസ്ഫർ ചെയ്തതയായും ബാക്കി തുക 18 ബാങ്ക് അക്കൗണ്ടുകളിലേക്കായി ട്രാൻസ്ഫർ ചെയ്തതയായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഷനൂഥിനെ കഴിഞ്ഞ വർഷം ജൂൺ 26ാം തിയ്യതി അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ കോടതിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിൽ, ഇയാളുടെ ബന്ധുവായ കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ(23) എന്നയാളുടെ നിർദ്ദേശപ്രകാരം തന്റെ അക്കൗണ്ടിൽ വന്ന ഏകദേശം 20 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും, മലപ്പുറത്തുള്ള ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയ കാര്യം തനിക്ക് അറിയില്ലെന്നും കുറ്റസമ്മതമൊഴി നൽകിയിരുന്നു
തുടർന്ന് പ്രതിയായ ഷനൂദിനെ കുറ്റകൃത്യം ചെയ്യുന്നതിന് സഹായിച്ച സയ്യിദ് സഫ്വാനെ കേസിൽ പ്രതി ചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ കേസിൽ പത്താം പ്രതിയാണ് സയ്യിദ് സഫ്വാൻ. ഇയാൾ കേരള ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും, അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ 10 ദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാതെ ഒളിവിൽ പോയി കോഴിക്കോട് എയർ പോർട്ട് വഴി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് സഫ്വാനെ എയർപോർട്ട് അധികൃതർ തടഞ്ഞ് വെച്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത്. തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് എയർപോർട്ടിൽ ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഇതുവരെ 10 പ്രതികളെ പിടികൂടിയിട്ടുണ്ട്. തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അഷറഫ് എ, ജി എസ് ഐ സുജിത്ത് കുമാർ പി എസ്, ജി എ എസ് ഐ മനോജ് എ കെ, സി പി ഒ പവിത്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.





























