പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഖലീഫ ഇന്ന് തിയറ്ററുകളിൽ എത്തും. ബുക്ക് മൈ ഷോയുടെ കണക്ക് പ്രകാരം ആദ്യ ഷോയ്ക്ക് എല്ലാ തിയറ്ററുകളിലും ഇതിനകം തന്നെ ഹൗസ്ഫുൾ ആയിക്കഴിഞ്ഞു. ചില തിയറ്ററുകളിൽ ഏതാനും സ്ക്രീനുകൾ കൂടി കൂട്ടിയിട്ടുമുണ്ട്. U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ഖലീഫയ്ക്ക് നൽകിയിരിക്കുന്നത്.
വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന ‘ഖലീഫ’യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നിർമ്മാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായ് പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ,ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഖലീഫയിലെ ഗാനങ്ങൾ ട്രെൻഡിങ് ആയി തുടരുകയാണ്.





























