മെൽബൺ: ഓണപ്പെരുമയുടെ സുവർണവസന്തത്തിന് മെൽബൺ നഗരം ഒരുങ്ങുമ്പോൾ, Malayalee Association of Victoria (MAV) സംഘടിപ്പിക്കുന്ന Golden Jubilee Year Onam 2026 ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകി മലയാളികളുടെ പ്രിയങ്കരിയായ നടിയും നർത്തകിയുമായ ആശാ ശരത്തിന് ഓസ്‌ട്രേലിയൻ വിസ ലഭിച്ചു.
വിസ നടപടികളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സമയപരിധികളും രേഖാപരമായ വെല്ലുവിളികളും മറികടന്നാണ് ആശാ ശരത്തിന് ഓസ്‌ട്രേലിയൻ വിസ ലഭിച്ചത്. ഇതോടെ, ഓസ്‌ട്രേലിയയിലെ ആശാ ശരത്തിന്റെ ആദ്യ ലൈവ് നൃത്തപ്രകടനത്തിന് മെൽബൺ വേദിയാകുമെന്ന പ്രത്യേകതയും ഈ വർഷത്തെ MAV ഓണാഘോഷത്തിന് സ്വന്തമായി.
ഓണസദ്യയോടെ മഹോത്സവത്തിന് തുടക്കം
ഓഗസ്റ്റ് 29, ശനിയാഴ്ച, Springvale Town Hall-ൽ രാവിലെ 11 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പ്രശസ്ത കാറ്ററിംഗ് സ്ഥാപനമായ Red Chillies ആണ് ഓണസദ്യ ഒരുക്കുന്നത്.
തുടർന്ന് മെൽബണിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും KD & Co ബാൻഡിന്റെ സംഗീതവിരുന്നും അരങ്ങേറും. പഞ്ചവാദ്യത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മഹാബലിയുടെ തിരുവിഹാരവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനച്ചടങ്ങുകളും നടക്കും.
ആശാ ശരത്തിന്റെ നൃത്തവിരുന്ന്
സന്ധ്യയിൽ ആശാ ശരത്ത് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തപ്രകടനമാണ് ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം. ഓസ്‌ട്രേലിയൻ വേദിയിൽ ആദ്യമായി നൃത്തം അവതരിപ്പിക്കുന്ന ആശാ ശരത്തിന്റെ ഈ പ്രകടനം മെൽബൺ മലയാളികൾക്ക് വേറിട്ടൊരു കലാനുഭവമാകും.
മലയാളത്തിന്റെ പാരമ്പര്യവും കലാസമ്പത്തും ഓണത്തിന്റെ ആഘോഷപ്പെരുമയും ഒരുമിക്കുന്ന ഈ മഹോത്സവം മെൽബണിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുന്നു
MAV-യുടെ സുവർണജൂബിലി വർഷത്തെ ഓണാഘോഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി നേരത്തേ തന്നെ ബുക്കിംഗ് ഉറപ്പാക്കാനും അവർ അഭ്യർഥിച്ചു.






























