മദ്യത്തിന് 80 ശതമാനം വരെ അവിശ്വസനീയമായ കിഴിവ് രേഖപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റ് ഭീമനായ കോൾസിന്റെ (Coles) വെബ്‌സൈറ്റും മൊബൈൽ ആപ്പും മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. സാങ്കേതിക തകരാറുമൂലമാണ് തെറ്റായ വിലകൾ രേഖപ്പെടുത്തിയതെന്നും സംഭവിച്ച പിഴവിൽ ഖേദിക്കുന്നുവെന്നും കോൾസ് അധികൃതർ അറിയിച്ചു.
കോൾസിന്റെ സബ്സിഡിയറിയായ ‘ലിക്കർലാൻഡ്’ വഴി വിൽക്കുന്ന 24 കുപ്പികൾ അടങ്ങിയ ജാക്ക് ഡാനിയൽസ് & കോള പായ്ക്കിന് 130 ഡോളറിന് പകരം 27 ഡോളർ മാത്രമാണ് വെബ്‌സൈറ്റിൽ കാണിച്ചിരുന്നത്. 103 ഡോളർ ലാഭമുള്ള ഈ ഓഫർ വില ട്രാക്കിംഗ് വെബ്‌സൈറ്റായ സി.ഡബ്ല്യു സ്കാനർ (CW Scanner) റെഡ്ഡിറ്റിലൂടെ പുറത്തുവിട്ടതോടെ വിവരം അതിവേഗം വൈറലായി. തുടർന്ന് മറ്റ് റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾക്കും ബിയറുകൾക്കും സമാനമായ വലിയ തോതിലുള്ള വിലക്കുറവ് പ്രത്യക്ഷപ്പെട്ടതോടെ ആളുകൾ കൂട്ടത്തോടെ ഓർഡർ ചെയ്യാൻ തുടങ്ങി. 202 ഡോളർ വിലയുള്ള സ്മിർണോഫ് കാർട്ടണുകൾ 29 ഡോളറിനാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്.
ഇതേത്തുടർന്ന് ശനിയാഴ്ച പുലർച്ചെ മുതൽ കോൾസിന്റെ വെബ്‌സൈറ്റും ആപ്പും തകരാറിലാവുകയും ഓഫ്‌ലൈൻ സന്ദേശം കാണിക്കുകയും ചെയ്തു. പിന്നീട് ഉച്ചതിരിഞ്ഞ് ആൽക്കഹോൾ വിഭാഗം പൂർണ്ണമായും നീക്കം ചെയ്ത ശേഷം സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും സാങ്കേതിക തകരാർ നേരിടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് തകരാറുകൾ പരിഹരിച്ച് സൈറ്റ് പൂർണ്ണമായി പ്രവർത്തനസജ്ജമായത്.
തെറ്റായ വിലയിൽ ഓർഡർ നൽകിയ ഉപഭോക്താക്കളുടെ ഓർഡറുകൾ റദ്ദാക്കിയതായും ഇവർക്ക് പണം പൂർണ്ണമായും തിരികെ നൽകുമെന്നും കോൾസ് വക്താവ് വ്യക്തമാക്കി.




























