മാൾട്ട: രാജ്യത്തെ ഏകദേശം 180 ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ അലവൻസുകളും പുതിയ കരിയർ അവസരങ്ങളും ഉറപ്പാക്കുന്ന രണ്ട് കൂട്ടായ തൊഴിൽ കരാറുകളിൽ സർക്കാർ ഒപ്പുവച്ചു.മാൾട്ട യൂണിയൻ ഓഫ് മിഡ്വൈവ്സ് ആൻഡ് നഴ്സസ് (MUMN) മായി സർക്കാർ ഒപ്പുവച്ച കരാറുകളിലൊന്ന് ഡെന്റൽ സർജറി അസിസ്റ്റന്റുമാർക്കായുള്ളതാണ്. മറ്റൊന്ന് ഫ്ലെബോട്ടമിസ്റ്റുകൾ, ഫ്ലെബോട്ടമി ടെക്നീഷ്യന്മാർ, ഡീകൺടാമിനേഷൻ ആൻഡ് സ്റ്റെറിലൈസേഷൻ ടെക്നീഷ്യന്മാർ എന്നിവർക്കായാണ്.ഇവരിൽ ഭൂരിഭാഗവും Mater Dei Hospital, Gozo General Hospital എന്നിവിടങ്ങളിലാണ് ജോലി ചെയ്യുന്നത്. മറ്റ് ചിലർ ആരോഗ്യ-വൃദ്ധപരിചരണ സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നുണ്ട്.
ഓരോ വിഭാഗത്തിലും പുതിയ കോർഡിനേറ്റർ തസ്തിക സൃഷ്ടിക്കുന്നതാണ് കരാറിലെ പ്രധാന മാറ്റങ്ങളിലൊന്ന്. ജീവനക്കാരുടെ പരിശീലനത്തിനും പ്രൊഫഷണൽ വികസനത്തിനും കൂടുതൽ പ്രാധാന്യം നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്.കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന ജീവനക്കാർക്ക് അതനുസരിച്ചുള്ള മെച്ചപ്പെടുത്തിയ അലവൻസുകളും ലഭിക്കും. എന്നാൽ അലവൻസുകളിൽ എത്രത്തോളം വർധനയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. കരാറുകളുടെ കാലാവധിയും ഇതിന് വരുന്ന ചെലവും പുറത്തുവിട്ടിട്ടില്ല.
ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമായ Ian Borg-ന്റെ സാന്നിധ്യത്തിലാണ് കരാറുകളിൽ ഒപ്പുവച്ചത്. ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് അർഹമായ അംഗീകാരം നൽകുന്നതാണ് പുതിയ കരാറുകളെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരിൽ നടത്തുന്ന നിക്ഷേപം രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ കരാറിലൂടെ ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാനും അതുവഴി രോഗികൾക്ക് കൂടുതൽ മികച്ച സേവനം നൽകാനും സാധിക്കുമെന്ന് MUMN പ്രസിഡന്റ് Paul Pace പറഞ്ഞു.


























