ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും വസന്തമൊരുക്കി മൂന്നാമത് ഓസ്‌ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റ് (AMLF 2026) ‘അക്ഷരോത്സവം’ നവംബര്‍ 21 ശനിയാഴ്ച നടക്കും. കഴിഞ്ഞ പത്തു വര്‍ഷമായി മെല്‍ബണ്‍ മലയാളികളുടെ വായനാനുഭവത്തെ പുസ്തകത്താളുകളിലെ അക്ഷരങ്ങളോട് ചേർത്തുവെച്ച വിപഞ്ചിക ഗ്രന്ഥശാലയും, ഓസ്‌ട്രേലിയയിലെ പ്രമുഖ പ്രവാസി മാധ്യമവും സംയുക്തമായാണ് ഈ സാഹിത്യ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ 16 വർഷങ്ങളായി പ്രവാസി മലയാളികൾക്ക് വാർത്തകളും അറിവുകളും പകർന്നുനൽകി, ജന്മനാടിന്റെ സ്പന്ദനം ഓരോ പ്രവാസി ഹൃദയങ്ങളിലുമെത്തിക്കുന്ന മാധ്യമ പങ്കാളിത്തത്തോടെയാണ് ഇത്തവണത്തെ അക്ഷരോത്സവം അരങ്ങേറുന്നത്.
മെല്‍ബണിലെ ക്ലെയ്റ്റണ്‍ ഹാളില്‍ (Clayton Hall, 264 Clayton Rd, Clayton VIC 3168) സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത കവിയും വാഗ്മിയുമായ പ്രൊഫ.വി. മധുസൂദനന്‍ നായര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിനിടയില്‍ മാതൃഭാഷാ സ്‌നേഹവും സാഹിത്യ അഭിരുചികളും വളര്‍ത്തുന്നതിനായുള്ള വിപുലമായ പരിപാടികളാണ് അക്ഷരോത്സവത്തിന്റെ ഭാഗമായി ക്രമീകരിക്കുന്നത്.മലയാള സാഹിത്യത്തെ നെഞ്ചിലേറ്റുന്ന എല്ലാ പ്രവാസി മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു






























