ഓസ്ട്രേലിയയിൽ 2026 ഒക്ടോബർ 1 മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്കുള്ള അധിക സർചാർജ് പൂർണ്ണമായി നിരോധിച്ചതോടെ, സമാനമായ നിയമം തങ്ങളുടെ രാജ്യത്തും ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം ന്യൂസിലൻഡിൽ ശക്തമാകുന്നു. ഓസ്ട്രേലിയയിലെ ഈ പരിഷ്കാരം വഴി ഉപഭോക്താക്കൾക്ക് പ്രതിവർഷം 1.6 ബില്യൺ ഓസ്ട്രേലിയൻ ഡോളർ ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
സർചാർജ് നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ തന്നെയാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് ന്യൂസിലൻഡ് വാണിജ്യ മന്ത്രി കാമറൂൺ ബ്രൂവർ വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ 58 ശതമാനം ഉപഭോക്താക്കളും സർചാർജ് നിരോധിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് ഉപഭോക്തൃ അവകാശ സംഘടനയായ ‘കൺസ്യൂമർ എൻ.സെഡ്’ വ്യക്തമാക്കുന്നത്. അതേസമയം, സർചാർജ് നിരോധനം ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ മർച്ചന്റ് ഫീസിൽ ഒരു ശതമാനം പരിധി നിശ്ചയിക്കണമെന്ന് ഗ്രീൻ പാർട്ടിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



























