ടാസ്മാനിയ: പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുമായി ഓസ്ട്രേലിയയിലെ ടാസ്മാനിയ സർക്കാർ. 12 വയസ്സിന് മുകളിലുള്ളവർക്ക് നിക്കോട്ടിൻ പാച്ചുകൾ, ഗം, ലോസഞ്ചുകൾ എന്നിവ സൗജന്യമായി നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
12 ആഴ്ച നീളുന്ന പദ്ധതിയിലൂടെ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾക്കൊപ്പം പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ ആവശ്യമായ കൗൺസിലിങ് സഹായവും ലഭിക്കും. നിക്കോട്ടിൻ ആശ്രിതത്വം കുറയ്ക്കുന്നതിനും പുകവലി ഉപേക്ഷിക്കുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സർക്കാർ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി 2027 ജൂൺ അവസാനം വരെ തുടരും. പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തികഭാരം കുറച്ച് ആവശ്യമായ ചികിത്സാ സഹായവും മാർഗനിർദേശവും ലഭ്യമാക്കാൻ ഈ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




























