ബാഡ്മിന്റൺ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് എഫ്രയിം സ്റ്റീഫൻ സാം. ഓഷ്യാനിയയിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലും ഓസ്ട്രേലിയൻ ദേശീയ പുരുഷ സിംഗിൾസ് വിഭാഗത്തിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ താരം, ഓസ്ട്രേലിയയിലെ പുരുഷ സിംഗിൾസ് വിഭാഗത്തിൽ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) റാങ്കിങ്ങിലും മികച്ച നേട്ടം കൈവരിച്ചു.
ബാഡ്മിന്റൺ രംഗത്തെ കഠിനാധ്വാനത്തിന്റെയും നിരന്തര പരിശീലനത്തിന്റെയും ഫലമായാണ് എഫ്രയിമിന്റെ ഈ നേട്ടം. താരത്തിന്റെ വിജയത്തിൽ പരിശീലകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ക്ലബ് അംഗങ്ങൾ, പരിശീലന പങ്കാളികൾ, യുവജനങ്ങൾ (YOUNG), സഭാംഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും നിർണായക പങ്കുണ്ടെന്ന് സാം വ്യക്തമാക്കി .
ബ്രിസ്ബേനിലെ സാംസ് ഇൻഡോർ സ്പോർട്സ് സെന്ററും സാംസ് ബാഡ്മിന്റൺ ക്ലബ്ബും താരത്തിന്റെ നേട്ടത്തിൽ അഭിമാനം പങ്കുവെച്ചു. ബാഡ്മിന്റൺ രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ എഫ്രയിമിന് കഴിയട്ടെയെന്ന ആശംസകളും അഭിനന്ദനങ്ങളും നേർന്നു.
ഓഷ്യാനിയയിലും ഓസ്ട്രേലിയയിലും ഒന്നാം സ്ഥാനത്തെത്തിയ എഫ്രയിം സ്റ്റീഫൻ സാമിന്റെ നേട്ടം കായികരംഗത്ത് അഭിമാനകരമായ വിജയമായി മാറുകയാണ്. വലംകൈയ്യൻ സിംഗിൾസ്, മിക്സഡ് ഡബിൾസ് പ്ലെയറാണ്. വിക്ടർ അക്സൽസെൻ (Viktor Axelsen), ലീ സി ജിയ (Lee Zii Jia) എന്നിവരെയാണ് തന്റെ റോൾ മോഡലുകളായി എഫ്രയിം കാണുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ സിംഗിൾസ് താരമാകുക എന്നതാണ് ലക്ഷ്യം.
എഫ്രയിം ജനിച്ചത് കേരളത്തിലാണ് (ജനനം: 2005 ജൂലൈ 4). പിന്നീട് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു.ക്വീൻസ്ലൻഡിലുള്ള ബ്രിസ്ബെയ്ൻ കേന്ദ്രീകരിച്ചാണ് താമസം. അവിടെ ഡിജിറ്റൽ ക്രിയേറ്ററായും ബാഡ്മിന്റൺ കോച്ചായും താരം സജീവമാണ്.
കരിയറിലെ പ്രധാന നേട്ടങ്ങൾ:
• 2023-ൽ ക്വീൻസ്ലൻഡ് സ്റ്റേറ്റ് മെൻസ് സിംഗിൾസ് ചാമ്പ്യനായി.
• ഓഷ്യാനിയ ജൂനിയർ ചാമ്പ്യൻഷിപ്പിലും ഓസ്ട്രേലിയൻ അണ്ടർ-19 ദേശീയ തലത്തിലും മെഡലുകൾ നേടിയിട്ടുണ്ട്.
• അന്താരാഷ്ട്ര വേദിയിൽ ഓസ്ട്രേലിയയുടെ ദേശീയ ടീമായ ‘ഓസ്ട്രേലിയൻ ഫാൽക്കൺസ്’ (Australian Falcons) പ്രതിനിധീകരിച്ച് തോമസ് കപ്പ് (Thomas Cup 2026) ഉൾപ്പെടെയുള്ള പ്രമുഖ ടൂർണമെന്റുകളിൽ മത്സരിച്ചു.






























