വിനോദ സഞ്ചാരി, കുളിമുറിയിൽ കണ്ട ചിലന്തിയെ ഓടിക്കാൻ കടലാസ് കത്തിച്ചതിന് പിന്നാലെ ഒരു കോടി രൂപ വിലയുള്ള ഒരു വില്ല കത്തിയമർന്നെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയിലെ ബാലിയിൽ ഏകദേശം 1.12 ലക്ഷം ഡോളർ (ഏകദേശം ഒരു കോടി രൂപയോളം) വിലമതിക്കുന്ന വില്ലയാണ് തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചത്. നേപ്പാളിൽ നിന്നുള്ള 45 -കാരനായ ഗൗരപ് റാണയാണ് ചിലന്തിയെ പേടിച്ച് തീയിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കുളിമുറിയിൽ ചിലന്തിയും വലയും
ഒക്ടോബർ അഞ്ചിന് ബാലിയിലെ നോർത്ത് കുട്ട മേഖലയിലാണ് സംഭവം. വില്ലയുടെ കുളിമുറിയിൽ ചിലന്തിയെയും ചിലന്തി വലയെയും കണ്ട റാണ, അതിനെ തുരത്താനായി ഒരു കടലാസ് കത്തിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം കുളിമുറിയിൽനിന്ന് മറ്റൊരു മുറിയിലേക്ക് പോയി. ഇതിനിടെ കത്തിക്കൊണ്ടിരുന്ന കടലാസ് ശക്തമായ കാറ്റിൽ പറന്ന് പുല്ലുകൊണ്ടുള്ള വില്ലയുടെ മേൽക്കൂരയിൽ പതിച്ചതാകാമെന്ന് ഇന്തോനേഷ്യൻ പോലീസിന്റെ പ്രാഥമിക നിഗമനം.
പുല്ല് മേഞ്ഞ മേൽക്കൂരയിലേക്ക് പടർന്ന് തീ
അലാങ് – അലാങ് എന്നറിയപ്പെടുന്ന ഒരു തരണം ഉണങ്ങിയ പുല്ലുകൊണ്ടാണ് വില്ലയുടെ മേൽക്കൂര നിർമിച്ചിരുന്നത്. തീപിടിക്കാൻ എളുപ്പമുള്ള ഈ ഉണക്കപ്പുല്ലിലേക്ക് തീ പടർന്നതോടെ മിനിറ്റുകൾക്കുള്ളിൽ കെട്ടിടമാകെ അഗ്നിക്കിരയായി. വില്ലയും അകത്തുണ്ടായിരുന്ന സാധനങ്ങളും പൂർണമായും കത്തിനശിച്ചു. തീ പടരുന്നതിന്റെ ദൃശ്യങ്ങളിൽ കെട്ടിടത്തിൽനിന്ന് കട്ടിയുള്ള പുക ഉയരുന്നതും നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിക്കുന്നതും കാണാം.
ചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും തീ അതിവേഗം വ്യാപിക്കാൻ കാരണമായെന്ന് അധികൃതർ അറിയിച്ചു. റാണയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഇയാൾക്കെതിരെ നിയമനടപടികളുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്തോനേഷ്യയിൽ പടരുന്ന കാട്ടുതീ
ബാലിയിൽ വിഷമുള്ള ചിലന്തികളുണ്ടെങ്കിലും വിനോദസഞ്ചാരികൾ താമസിക്കുന്ന ഇടങ്ങളിൽ അവയെ അപൂർവമായേ കാണാറുള്ളൂവെന്നാണ് പ്രാദേശിക ആരോഗ്യകേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം ഇന്തോനേഷ്യയിൽ പടരുന്ന കാട്ടുതീ വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉയർത്തുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തീയും പുകയും മൂടൽ മഞ്ഞും കാരണം ചുവന്ന നിറത്തിലുള്ള ആകാശമാണ് ദൃശ്യമാകുന്നത്. ജനങ്ങൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.


























