സിഡ്നി: വെറ്റുകാട് മദർ ദേ ദേവൂസ് ദേവാലയത്തിലെ വിശ്വാസികളുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന ക്രിസ്തുരാജ തിരുനാൾ (Christ the King Feast) നവംബർ 22ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ഓബേണിലെ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
ഉച്ചയ്ക്ക് 12.30ന് വിശുദ്ധ കുർബാനയോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ഓബേണിലെ 2 ആലീസ് സ്ട്രീറ്റിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. വിശുദ്ധ കുർബാനയ്ക്കുശേഷം പങ്കെടുക്കുന്നവർക്കായി ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
വെറ്റുകാട് മദർ ദേ ദേവൂസ് ദേവാലയത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ സംഗമം വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും നന്ദിയുടെയും ആഘോഷമായി മാറും. ഒരു നൂറ്റാണ്ടുകാലത്തെ വിശ്വാസപാരമ്പര്യത്തിനും ദൈവാനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്ന ചടങ്ങിൽ കുടുംബസമേതം പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഒരു വിശ്വാസം, ഒരു കുടുംബം, ഒരു ആഘോഷം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന തിരുനാൾ ആഘോഷത്തിലേക്ക് എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും സംഘാടകർ ഹൃദയപൂർവം ക്ഷണിച്ചു.


























