ബെയ്ജിങ് : ബ്ലൈൻഡ് ഡേറ്റിങ്ങിൽ കണ്ടുമുട്ടിയ സ്ത്രീയെ നാല് മണിക്കൂറിനുള്ളിൽ വിവാഹം കഴിച്ച ചൈനീസ് യുവാവിന് ഒരു മാസത്തിനുള്ളിൽ നഷ്ടമായത് തന്റെ ജീവിത സമ്പാദ്യമായ 240,000 യുവാൻ (ഏകദേശം 30 ലക്ഷത്തിലേറെ രൂപ). 40 വയസ്സുകാരനായ ഹുവാങ് സോങ്ചെങ് എന്ന യുവാവിനാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായിരിക്കുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.
തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഹെങ്യാങ് സ്വദേശിയായ ഹുവാങ് സോങ്ചെങ് ഓഗസ്റ്റ് 21-നാണ് ബ്ലൈൻഡ് ഡേറ്റിനായി എത്തിയത്. ബ്യൂട്ടി സലൂണിൽ ജോലി ചെയ്യുന്നുവെന്നാണ് യുവതി പറഞ്ഞിരുന്നത്. യുവതിയുടെ നിർബന്ധപ്രകാരം അതേ ദിവസം വൈകുന്നേരം 5 മണിയോടെ ഇരുവരും വിവാഹം റജിസ്റ്റർ ചെയ്തു.
വിവാഹശേഷം ഹോട്ടലിൽ ഒരു രാത്രി മാത്രമാണ് ഇവർ ഒരുമിച്ച് കഴിഞ്ഞത്. ‘ഞങ്ങൾ അടുപ്പത്തിലായിരുന്ന ഒരേയൊരു സമയം അതായിരുന്നു. അതിനുശേഷം, ഞാൻ കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ പോലും അവൾ എന്നെ തള്ളിമാറ്റി,’ ഹുവാങ് വെളിപ്പെടുത്തി. രണ്ട് ദിവസം മാത്രമേ ഒന്നിച്ച് നില്ക്കാന് യുവതി അനുവദിച്ചുള്ളൂ. മൂന്നാമത്തെ ദിവസംപണം സമ്പാദിക്കാനായി ഗ്വാങ്ഡോങ്ങിലേക്ക് പോകാൻ യുവതി ഹുവാങ്ങിനോട് ആവശ്യപ്പെട്ടു. പിന്നീട് വിളിക്കുമ്പോഴെല്ലാം യുവതി പണത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നതെന്ന് ഹുവാങ് പറയുന്നു. ചൈനീസ് വാലന്റൈൻസ് ഡേ തുടങ്ങി പല കാരണങ്ങൾ പറഞ്ഞ് യുവതി പണം ആവശ്യപ്പെട്ടു.
‘പണം ചോദിക്കാന്‍ മാത്രമാണ് ഫോണ്‍ വിളിച്ചിരുന്നത്’. അങ്ങോട്ടു വിളിച്ചാല്‍ എടുക്കില്ലെന്നും എടുത്താല്‍ തന്നെ പണത്തിന്റെ കാര്യം മാത്രം സംസാരിച്ച് ഫോണ്‍ വയ്ക്കുമെന്നും യുവാവ് വെളിപ്പെടുത്തി. സെപ്റ്റംബര്‍ എട്ടായപ്പോള്‍ യുവതി 240,000 യുവാൻ ചെലവഴിച്ച് തീര്‍ത്തു. പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പോയത്. പണം ലഭിക്കാതെ വന്നതോടെ യുവതി തന്നെ ഉപേക്ഷിച്ച് പോയെന്നും ഹുയാങ് പറഞ്ഞു.






























